2011, ജനുവരി 3, തിങ്കളാഴ്‌ച

ഒരു പട്ടാണി ടാക്സിയിലെ യാത്ര...

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ജനുവരി മാസം.നാട്ടില്‍ നിന്ന് ഒരുഗതിയും പരഗതിയുമില്ലാ‍തെ ഈ അറബി നാട്ടിലേക്ക് പോന്നതിന്റെ പിറ്റേ മാസം.ക്രിത്യമായി പറഞ്ഞാല്‍ ഉന്നീസ്സ് സൌ...അല്ലങ്കി വേണ്ട.


വന്നതിന്റെ അടുത്ത മാസം തന്നെ ജോലി കിട്ടിയതിന്റെ ആവേശത്തിലും അതിലുപരി പകപ്പിലുമായിരുന്നു ഈയുള്ളവന്‍.കമ്പനിയുടെ അബൂദാബിയിലുള്ള ഹെഡ്ഡോഫീസ്സില്‍നിന്നും അലൈനിലുള്ള അവരുടെ പ്രൊജക്ടോഫീസ്സില്‍ ചെന്ന് ജോലിക്ക് ചേരാനുള്ള ഓര്‍ഡറും കൈപറ്റി അങ്ങോട്ട് യാത്ര തിരിച്ചു.ജോലി ചെയ്യുന്നതെവിടെ എന്ന ചോദിക്കുന്നവരോട് സൂവിലാണ് ജോലി(Zoo expansion project)എന്ന് പറയുമ്പോള്‍,താമസ്സിക്കുന്നതല്ല ജോലിചെയ്യുന്ന സ്ഥലമാണ് ചോദിച്ചത് എന്നു പറഞ്ഞ് അനാവശ്യമായി പല്ലിളിച്ച് കാണിക്കുന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം പരമസുഖമായിരുന്നു.

താമസ്സം അലൈന്‍ പട്ടണത്തിനരികെ തന്നെയുള്ള ഒരു വില്ലയിലായിരുന്നു സംഘടിപ്പിച്ചിരുന്നത്.അവിടെനിന്നും എന്റെ ജോലിസ്ഥലത്തേക്ക് കുറച്ചധികം ദൂരമുണ്ടായിരുന്നതിനാലും അവിടേക്ക് ബസ്സ് സൌകര്യം ഇല്ലാത്തതിനാലും അന്നവിടെ പ്രചാരത്തിലുണ്ടായിരുന്ന“ഷെയറിങ്ങ് ടാക്സി”മാത്രമായിരുന്നു ഓഫീസ്സില്‍ എത്തിപെടാനുള്ള ആകെയുള്ള വഴി.അപൂര്‍വം മലയാളികള്‍ ഒഴിച്ച് അവിടുത്തെ ഭൂരിഭാഗം വരുന്ന ടാക്സികളും ഓടിച്ചിരുന്നത് “പട്ടാണികള്‍” എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിച്ചിരുന്ന അഫ്ഗാനികളായിരുന്നു.എനിക്കാണെങ്കില്‍ ഇവരുടെ നീണ്ട താടിയും തലയിലെ കെട്ടും ഭീമാകാരന്‍ സൈസ്സും കാണുമ്പോള്‍ തന്നെ അറിയാതെ മനസ്സില്‍ ഒര് “കുളിര്”വരും.ഒരു ദിവസ്സം സാധാരണപോലെ ഓഫീസ്സിലേക്ക് പോകാനായി ഒരു ടാക്സ്സിയില്‍ കയറി ഇരുപ്പുറപ്പിച്ചു.
സാധാരണഗതിയില്‍ പട്ടാണിയാണ് ടാക്സ്സി ഓടിക്കുന്നതെങ്കില്‍ ഞാന്‍ മുന്‍സീറ്റില്‍ ഇരിക്കാറില്ല.കാരണം അന്നേ എനിക്ക് ഉറുദു ഭാഷയില്‍ ഉണ്ടായിരുന്ന അഗാധ പാണ്ഡിത്യം തന്നെ!ഇവരാണെങ്കിലൊ ആരെ കണ്ടാലും “സമയമെത്രയായി?ശമ്പളം എത്ര കിട്ടും?”
എന്നീ ചോദ്യങ്ങള്‍ കഴിഞ്ഞിട്ടേയുള്ളു ബാക്കി കാര്യം!ഇതിനൊക്കെ ഇവന്മാര്‍ക്ക് മറുപടി കൊടുക്കാന്‍ അറിയാഞ്ഞിട്ടല്ല.നമ്മക്കെവിടെ ഇതിനൊക്കെ സമയം!

എന്റെ കഷ്ടകാലത്തിനാണോ അയാള്‍ടെ കഷ്ടകാലത്തിനാണോ എന്നറിയില്ല അന്നും ഒരു പട്ടാണി ടാക്സി തന്നെയാണ് കിട്ടിയത്.അതുകൊണ്ട് തന്നെ കാലിയായി കിടന്നിരുന്ന കാറിന്റെ പിന്‍സീറ്റില്‍ ചാടികയറി ഇരിക്കാന്‍ പോയതും അയാള്‍ ഫ്രണ്ട് ഡോര്‍ തുറന്ന് ഇവിടെ ഇരിക്ക് എന്ന് ആഗ്യം കാണിച്ചു.അറക്കാന്‍ കൊണ്ടുപോകുന്ന ആടിനെ പോലെ ഞാന്‍ സാവധാനം മുന്‍പില്‍ കയറിയിരുന്ന് പതുക്കെ ഡോര്‍ വലിച്ചടച്ചു.സാധാരണപോലെ മേല്‍പ്പറഞ്ഞ ചോദ്യങ്ങളെല്ലാം ഇയാളും ആവര്‍ത്തിച്ചു.ആദ്യത്തെ ചോദ്യത്തിന് കൈവിരലുകള്‍ കൊണ്ട് മറുപടി പറഞ്ഞെങ്കിലും പക്ഷെ രണ്ടാമത്തെ ചോദ്യത്തിന് കയ്യിലേം കാലിലേം കൂട്ടിയാല്‍ പോലും തികയാത്തത് കൊണ്ട് ഞാന്‍ മിണ്ടാതെ പുറത്തേക്കും നോക്കിയിരുന്നു.

അല്‍പ്പസമയത്തിന്നകം പിന്‍സീറ്റിലും ആള്‍ നിറഞ്ഞു കഴിഞ്ഞപ്പൊള്‍ പട്ടാണി കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എന്നെ നോക്കി പതുക്കെ എന്തൊ പറഞ്ഞു.അയാള്‍ എന്ത് പറഞ്ഞാലും മനസ്സിലാവില്ല എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണോ അതൊ ഇനി മനസ്സിലായാല്‍തന്നെ മറുപടി പറയാന്‍ എന്നെകൊണ്ട് സാധിക്കില്ല എന്ന അഹങ്കാരം കൊണ്ടാണോ എന്തോ ഞാന്‍ എന്റെ സ്ഥിരം പരിപാടിയായ പുറംകാഴ്ച്ചയും കണ്ടിരുന്നു.അയാള്‍ വീണ്ടും എന്തൊ പിറുപിറുത്തു.വീണ്ടും ഞാനെന്റെ സ്ഥിരം ഭാവം,പുറത്തേക്കും നൊക്കിയിരുന്നു.അയാള്‍ടെ മുഖത്തേക്ക് നോക്കാനേ പോയില്ല.ന്റെ പട്ടി നോക്കും എന്ന ഭാവം ഉള്ളീലും ഫിറ്റ് ചെയ്തിട്ടുണ്ട്.വീണ്ടും അയാള്‍ ശബ്ദം ഉയര്‍ത്തി പറഞ്ഞതുതന്നെ വീണ്ടും ആവര്‍ത്തിച്ചു.അപ്പോഴും ഞാന്‍ പഴയപോലെ തന്നെ.അവസാനം അയാള്‍ എന്റെ തോളില്‍ തട്ടികൊണ്ട് വീണ്ടും അതുതന്നെ പറഞ്ഞു.ഇനിയും പ്രതികരിച്ചില്ലെങ്കില്‍ മോശമല്ലെ എന്നു വിചാരിച്ച് ഞാന്‍ അയാളെ നോക്കി ഒന്നു മനോഹരമായി ചിരിച്ചു.എന്റെ ചിരി കണ്ടിട്ടാണോ എന്തോ അതോടുകൂടി അയാള്‍ടെ സകല കണ്ട്രോളും പോയി,ദേഷ്യം അടക്കാനാവാതെ തലയില്‍ കെട്ടിയിരുന്ന തുണിയൊക്കെ വലിച്ച് കുടഞ്ഞ്,മുടിയൊക്കെ വലിച്ച് പറിച്ച് അയാള്‍ ഞാനിരുന്ന വശത്തെഡോറിലേക്ക് കൈചൂണ്ടി വീണ്ടും അതേ വാക്ക് പറഞ്ഞു.ഇമ്മാതിരി അട്ടഹാസം കേട്ടതുകൊണ്ടാണോ അതോ അയാള്‍ടെ വായില്‍നിന്നുള്ള അശ്രുധാര എന്റെ മുഖത്തേക്ക് പതിച്ചതു കൊണ്ടാണോ എന്നറിയില്ല അപ്പോഴെക്കും എന്റെ തലയിലെ ഒരുവശത്തെ ബള്‍ബ് ഒന്ന് മിന്നിമറഞ്ഞിരുന്നു.വേഗം കാറിന്റെ ഡോര്‍ തുറന്ന് ഒന്നുകൂടി വലിച്ചടച്ച് ഞാന്‍ നോക്കിയപ്പോല്‍ കാണുന്നത് പട്ടാണിയിരുന്ന് കിതക്കുന്നതാണ്,കൂടെ ഡെലിവെറി ചെയ്ത ചീത്ത എനിക്ക് മനസ്സിലായില്ലെങ്കിലും ഒരു കാര്യം എനിക്കുറപ്പായിരുന്നു,കൊടുങ്ങല്ലുര്‍ ഭരണിപ്പാട്ടിനേക്കാള്‍ സ്റ്റാന്‍ഡേര്‍ഡ് അതിനുണ്ടായിരുന്നു എന്നത്!

വാല്‍കഷണം:ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച “തറ” “പറ” എന്നീ വാക്കുകള്‍ മറന്നാലും പട്ടാണി അന്ന് പഠിപ്പിച്ച “ധര്‍വാസാ ബന്ധ് കരോ ഭായി”എന്ന വാക്ക് എന്റെ ജീവിതത്തില്‍ മറന്നിട്ടില്ല,ഇനിയങ്ങോട്ട് മറക്കാന്‍ എനിക്കൊട്ട് സൌകര്യവുമില്ല!