2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

കണ്ണില്‍ നിന്നും പുക വരുത്തുന്ന വിദ്യ!

ആയിരത്തിതൊള്ളായിരത്തി എണ്‍പത്തൊമ്പത്,ഡിസംബര്‍ മാസത്തിലെ ഒരു തണുത്ത ദിവസ്സം.കോളേജ് കാലം.സ്ഥിരം പരിപാടിയായ ക്ലാസ്സില്‍ കയറാതെ ഒരു നട്ടുച്ചനേരത്ത് സങ്കേതമായ പന്തലിച്ചു കിടക്കുന്ന കശുമാവിന്‍ ചുവട്ടില്‍ കൂട്ടുകാരോടൊപ്പം.


കൂട്ടത്തില്‍ പ്രായം ചെന്നവനും,എന്റെയൊരു ബന്ധുകൂടിയുമായ കമറു എന്നോട് ചോദിച്ചു.

“നിനക്ക് സിഗരറ്റ് വലിച്ചിട്ട് കണ്ണില്‍ കൂടി പുക വരുത്താന്‍ അറിയാമൊ?”

സകല ദുശ്ശീലങ്ങളും വഴിക്കുവഴിയായി ഓവര്‍ ട്ടൈം എടുത്ത് പഠിച്ചു വരുന്ന കാലം.ഇതും അതിലൊന്നായിരിക്കുമെന്ന് കരുതിയും,പുതിയൊരു വിദ്യ കൂടി അഭ്യസ്സിക്കാം എന്ന് വിചാരിച്ചും, “ഇല്ല“ എന്ന് അല്‍ഭുതത്തോടെ ഞാന്‍.

“എങ്കില്‍ എനിക്കറിയാം.കാണണൊ?”

വേണം എന്ന് ഈയുള്ളവന്‍.

“എങ്കി പോയി ഒരു വിത്സ് വാങ്ങികൊണ്ട് വാ” എന്ന് കല്‍പ്പിച്ചു.ഹും,ബീഡി തന്നെ എരന്ന് വലിക്കുന്നവനാണ്!സാരമില്ല,ഒരു വിദ്യ പഠിക്കാനല്ലെ,സഹിക്കാം.എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഉണ്ടായിരുന്ന പൈസയെല്ലാം കൂടി തപ്പിപ്പെറുക്കി ഒരു വിത്സ് വാങ്ങികൊണ്ടുവന്ന് ചുണ്ടത്ത് വെച്ച് കത്തിച്ചു കൊടുത്തു.

അവന്‍ ഒരു വല്യ വലി വലിച്ച് പുക ഉള്ളിലേക്കെടുത്തു.എന്നിട്ട് എന്നെ നോക്കി പറഞ്ഞു,“ഇനി എന്റെ കണ്ണിലേക്ക് തന്നെ സൂക്ഷിച്ച് നോക്കണം.വേറെയെവിടെയും ശ്രദ്ധിക്കരുത് ട്ടാ”.

ഞാന്‍ വളരെ ശ്രദ്ധിച്ച്,ആകാംക്ഷയോടെ അവന്റെ കണ്ണിലേക്ക് തന്നെ ഉറ്റുനോക്കിയിരിക്കുകയാണ്.ഒരു തരി പൊക വന്നാലും എന്റെ കണ്ണിന് മിസ്സ് ആകരുത് എന്ന വാശിയോടെ.

“വരണ്ടാഡാ?”

“ഇല്ല” എന്ന് ഞാന്‍.അതിനിടക്ക് കാലിലെന്തൊ കടിച്ച പോലെ.കൈ കൊണ്ട് ഒന്ന് തൂത്തിട്ട്,ഞാനത് കാര്യമാക്കാതെ വീണ്ടും അവന്റെ കണ്ണിലേക്ക് തന്നെ.

“ഇപ്പഴാ‍ാ ഡാ”?

“ഹും...എന്തൊ ഒന്ന് വരാന്‍ പോണ പോലെ തോന്നണ്ട്” റിസ്ക്കാണെങ്കില്‍ വേണ്ടാട്ടെഡാ..നിര്‍ത്തിക്കൊ.ഒരു വിത്സിന്റെ കാശല്ലെ.ഞാന്‍ സഹിച്ചു”

വീണ്ടും കാലില്‍ എന്തൊ...മുട്ടിന് താഴെയായി,വേദനയുള്ള ഒരുതരം ചൊറിച്ചില്‍.എനിക്ക് കാലില്‍ എന്താണ് കടിച്ചത് എന്ന് നോക്കണമെന്നുണ്ട്,പക്ഷെ ആ നോക്കുന്ന സമയത്തെങ്ങാനും ലവന്റെ കണ്ണീന്ന് പൊഹ വന്നാലോ!വീണ്ടും സഹിച്ചിരുന്നു.

“ഇപ്പെങ്ങനെണ്ടഡാ‍ാ?”അവന്‍ വീണ്ടും...ഇപ്പൊ കാലിലെ വേദന ചൊറിച്ചിലിന്റെ സ്റ്റേജ് കഴിഞ്ഞ് വേദനയുടെ ക്ലൈമാക്സിലെത്തി തുടങ്ങി.

“ഒന്നൂല്ലാ” എന്ന് ഞെളിപിരി കൊണ്ട് പറഞ്ഞു ഞാന്‍.ഇനിയിപ്പൊ കണ്ണീന്ന് പൊക വരണത് കണ്ടില്ലെങ്കിലും സാരില്ല എന്ന് കരുതി ഞാനെന്റെ കാലിലേക്ക് നോക്കിയതും,എന്റെ കാലില്‍ കുത്തിവെച്ചിരുന്ന സിഗരെറ്റ് അവന്‍ എടുത്തതും ഒരുമിച്ചായിരുന്നു!

കാലിലേക്ക് നോക്കിയ ഞാന്‍ കാണുന്നത് ഒര് ഒറ്റരൂപ തുട്ടിന്റെ വലുപ്പത്തില്‍ എന്റെ മുട്ടിന് താഴെ പൊള്ളിയിരിക്കുന്നതാണ് കാണുന്നത്.കണ്ണില്‍ നിന്നും പൊക വരുത്തുന്ന വിദ്യ കാണാന്‍ ശ്രദ്ധിച്ചിരുന്ന ഞാന്‍ ആദ്യത്തെ പൊള്ളലിന്റെ വേദന എന്റെ “ഓവര്‍ കോണ്‍സണ്ട്രേഷന്‍“ കാരണം അറിയാതെ പോയി!

“ദേ ഇപ്പ പൊക വന്നല്ലോ”എന്ന് കേട്ടതും ആ വേദനയിലും ഞാന്‍ അവന്റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കി.

“എന്റെ കണ്ണീന്നല്ലഡാ...നിന്റെ കണ്ണീന്ന്!“ ചിരിച്ച് കൊണ്ട് അവന്‍.

സത്യം,വേദനകൊണ്ട് എന്റെ കണ്ണീന്ന് പൊക മാത്രമല്ല പൊന്നീച്ചയും വന്നിരുന്നു!

കണ്ണിലെ പൊകയുടെ ഓര്‍മ്മയ്കായി ആ പൊള്ളിയ അടയാളം പിന്നേം ഒരുപാട് നാള്‍ ഉണ്ടായിരുന്നു എന്റെ കാലില്‍.