2010, ജനുവരി 31, ഞായറാഴ്‌ച
പ്രവാസി എന്ന മണ്ടന്‍
നമ്മുക്കിടയിലേക്ക് ഒന്നിറങ്ങി ചെന്നാല്‍, ഒന്നു ചുറ്റും കണ്ണോടിച്ചാല്‍, ചിലപ്പോള്‍ നമ്മിലേക്ക് തന്നെ ഒന്ന് സ്വയം ചൂഴ്ന്നിറങ്ങിയാല്‍ ഇത്തരത്തിലുള്ള അനേകം സലാംക്കമാരെ കാണാന്‍ സാധിക്കും. മറ്റുള്ളവരെ ജീവിപ്പിക്കാനുള്ള തത്രപ്പാടിനിടക്ക് സ്വയം ജീവിക്കാനായി മറന്നു പോകുന്നവര്‍! സ്വന്തം മക്കളുടെ വളര്‍ച്ചകളെ ദൂരെ മാറിനിന്നു മാത്രം കാണാന്‍ വിധിക്കപ്പെട്ടവര്‍! എണ്ണിചുട്ട അപ്പം പോലെ കിട്ടുന്ന അവധിക്ക് നാട്ടിലെത്തുമ്പോള്‍ മാത്രം ജീവിക്കുന്നവര്‍.
ഗള്‍ഫിലേക്കു ആദ്യമായി വരുന്ന ഓരോരുത്തരും ഇവിടെ കാലങ്ങളോളം നില്‍ക്കണം എന്ന് ആഗ്രഹിച്ചു വരുന്നവരല്ല. മറിച്ച്, എത്രയും പെട്ടെന്ന് കുറച്ച് പൈസ സമ്പാദിച്ച്, ജീവിതം ഭദ്രമാക്കി തിരിച്ച് പോകണം എന്നു ആഗ്രഹിച്ചു വന്നവരാണ്. പക്ഷെ ഉത്തരവാദിത്വം എന്ന കരാളഹസ്തത്തിലും ഗള്‍ഫ് എന്ന കെണിയിലും പെട്ട് ഒട്ടു മിക്ക ജീവിതങ്ങളും ഇത്തരത്തില്‍ ഹോമിക്കപ്പെട്ടു പോകുകയാണ് പതിവ്.
എല്ലു മുറിയെ പണിയെടുത്ത്, എല്ലാ സൗകര്യങ്ങളും, സുഖങ്ങളും ഒന്നും അനുഭവിക്കാതെ, ഒരു നല്ല നാളെക്കായി കരുതി വെക്കുന്നവര്‍. അവസാനം യതൊന്നും അനുഭവിക്കാന്‍ ആകാതെ ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും ഒരു വ്യാധിയുടെ രൂപത്തില്‍ മരണം അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നിസ്സഹായതോടെ നോക്കി നില്‍ക്കാന്‍ മാത്രമെ കഴിയാറുള്ളു. ഒരുപാട്, ഒരുപാടൊരുപാട് ആഗ്രഹങ്ങളും വിങ്ങലുകളും ബാക്കി വെച്ച് അവര്‍ യാത്രയാകുന്നു. അതെ, ഒരുപാടാള്‍ക്കാരെ ജീവിപ്പിച്ച്, സ്വയം ജീവിക്കാതെ യാത്രയാകുന്ന നമ്മളടക്കമുള്ള മണ്ടന്മാര്‍.....
2010, ജനുവരി 27, ബുധനാഴ്‌ച
പാത്തുമ്മാക്കൊരു വാലുണ്ടാര്‍ന്ന്....
പ്രായം അറുപത്തിരണ്ട് കഴിഞ്ഞെങ്കിലും, എല്ലാം പെട്ടെന്ന് തീര്ത്ത് ഒരു വിധത്തില് തിരക്കുള്ള ഒരു ബസ്സില് വലിഞ്ഞു കയറിയ പാത്തുമ്മ തന്റെ ദേഹം ഒരു കമ്പിയില് ചാരി നിര്ത്തി നിലയിറപ്പിച്ചു. അല്പ്പ സമയം കഴിഞ്ഞ് കാണും, തന്റെ പിന്നില് നിന്നും അടക്കിപ്പിടിച്ച ചിരിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ പാത്തുമ്മാക്കു ഒരു പറ്റം സ്കൂള് കുട്ടികള് തന്നെ നോക്കി ചിരിക്കുന്നതാണ് കണ്ടത്. ഒന്നും മനസ്സിലാവാതെ, തന്നെ തന്നെ ഒരു വട്ടം ഉഴിഞ്ഞു നോക്കിയ പാത്തുമ്മാക്കു ചിരിക്കു കാരണമായി ഒന്നും തന്നെ കണ്ടു പിടിക്കാന് സാധിച്ചില്ല. ആ ചിരി മറ്റുള്ളവരിലേക്കും പടര്ന്നു എന്നു മനസ്സിലായ പാത്തുമ്മ ഉടുത്തിരുന്ന സാരിയൊന്നു വലിച്ച് നേരെയിട്ടു. കൂടെ തട്ടം ഇട്ടത് ശരിയായിട്ടുണ്ടോ എന്നും നോക്കാന് മറന്നില്ല. ഇതിനിടയിലാണ് ഒരു കുട്ടി ചിരിച്ചുകൊണ്ട് തന്നെ നോക്കി പറയുന്നത് പാത്തുമ്മ ഒരശരീരി പോലെ കേട്ടത്. "ഒരു ഗദ കൂടി കയ്യില് ഉണ്ടായിരിന്നെങ്കില് നന്നായേനെ" എന്ന്. ഇതും കൂടി കേട്ടതും പാത്തുമ്മ ഉറപ്പിച്ചു, തന്നെ കുറിച്ച് തന്നെ എന്ന്. തൊട്ട് പിന്നില് നിന്ന കുട്ടിയെ തോണ്ടി തല കൊണ്ട് ഒരു കൊസ്റ്റിന് മാര്ക്ക് ഇട്ടു കൊടുത്തു പാത്തുമ്മ! അവള് ചിരിച്ചു കൊണ്ട് "വാല്" വാല് "എന്നു മാത്രം പറഞ്ഞു. ഒന്നും മനസ്സിലാവാതെ പകച്ചു നിന്ന പാത്തുമ്മാനോട്" ചേച്ചീടെ പിന്നിലൊരു വാല് കാണുന്നു "എന്നു വ്യക്തമാക്കി കൊടുത്തു ആ കുട്ടി. പെട്ടെന്നു പിന്നില് തപ്പി നോക്കിയ പാത്തുമ്മാക്ക് വാലു പോലെ എന്തോ ഒന്നു കയ്യില് തടയുകയും ചെയ്തു! പതുക്കെ പതുക്കെ വലിച്ചു നോക്കിയപ്പോള് .... ദാ കയ്യിലിരിക്കുന്നു ഒരു നരച്ച നനഞ്ഞ തോര്ത്ത്! നേരത്തെ തിരക്കു മൂത്ത പാത്തുമ്മ "കാക്ക കുളി" കഴിഞ്ഞതും, ഈറനുടുത്ത തോര്ത്ത് മാറ്റാതെയായിരുന്നു ഡ്രെസ്സ് മാറ്റിയതും ബസ്സ് സ്റ്റോപ്പിലേക്കു ഓടിയതും ബസ്സില് വലിഞ്ഞു കയറിയതും! നമ്മുടെ പാവം തോര്ത്ത്, ഈ സമ്മര്ദ്ധം ഒട്ടും താങ്ങാനാവതെ പതുക്കെ അഴിഞ്ഞു താഴേക്കു വാലു പൊലെ തൂങ്ങി കിടക്കുവാന് തീരുമാനിക്കുകയായിരുന്നു. ഈ വാലാണ് കുട്ടികള് കണ്ടതും കളിയാക്കി ചിരിച്ചതും.
2010, ജനുവരി 12, ചൊവ്വാഴ്ച
ഉത്തരം വേണ്ടാത്ത ചില ചോദ്യങ്ങള്‍
ഇത്രമാത്രം മലിനപ്പെട്ടതും ദുര്‍ഘടം പിടിച്ച പാതകള്‍ ഉള്ളതുമായ നമ്മുടെ നാടിനെ വിദേശികള്‍ എന്തുകൊണ്ട് "ദൈവത്തിന്റെ സ്വന്തം നാട്" എന്നു വിളിക്കുന്നു? അതോ നമ്മള്‍ അവരെ കൊണ്ട് വിളിപ്പിക്കുന്നതോ?
ഓരോ വീട്ടിലേയും അവശിഷ്ഠങ്ങള്‍ സ്വന്തം വീട്ടു വളപ്പിലിട്ടു കത്തിച്ചു കളയാതെ എന്തു കൊണ്ട് രാത്രി അന്യന്റെ ഒഴിഞ്ഞു കിടക്കുന്ന വളപ്പിലേക്ക് തള്ളുന്നത്? പരസ്യമായി അവന്റെ മുഖത്തേക്ക് തുപ്പുന്നതിന് തുല്യമല്ലെ അത്?
"ഇവിടെ തുപ്പരുത്" "ഇവിടെ മൂത്രം ഒഴിക്കരുത്" എന്നൊക്കെയുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇപ്പൊള്‍ നമ്മുടെ നാട്ടില്‍ മുക്കിലും മൂലയിലും വരെ കാണാം. എവിടെ തുപ്പരുത് എവിടെ മൂത്രം ഒഴിക്കരുത് എന്നൊക്കെ മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി വരെ നമ്മുക്ക് നഷ്ട്ടപെട്ടൊ? എവിടെ പോയി നമ്മുടെ ആ സദാചാരമൂല്യങ്ങള്‍?
വിലകയറ്റത്തിനെതിരെ ബന്ദ് (ക്ഷമിക്കണം, ഹര്‍ത്താലിനു പകരം ബന്ദ് എന്നു ഉപയോഗിച്ചതിന് ഇനി ഹര്‍ത്താല്‍ നടത്തേണ്ട്!) നടത്തി വില കുറഞ്ഞിരുന്ന സാധനങ്ങള്‍ക്ക് വരെ വില കൂട്ടുന്ന "കര്‍മ്മ പരിപാടി" ലോകത്തു വെറെ എവിടെ കാണാന്‍ സാധിക്കും? എന്തു കൊണ്ടാണ് ഇക്കൂട്ടര്‍ ഞായറാഴ്ച്ചകളില്‍ ഹര്‍ത്താല്‍ നടത്താത്തത്?
മദ്യം കഴിച്ചാല്‍, ലക്ക് കെട്ട് മറ്റുള്ളവര്‍ക്ക് ശല്യമാകണം എന്ന് നിര്‍ബന്ധബുദ്ധി ഉള്ളവരായി തീരുകയാണൊ നമ്മള്‍?
റോഡ് മുറിച്ച് കടക്കാന്‍ നില്‍ക്കുന്ന കുട്ടികളേയും പ്രായമായവരേയും കണ്ടില്ല എന്നു നടിച്ച് വാഹനം പായിച്ച് വിടാന്‍ മാത്രം മനക്കരുത്ത് ഉള്ളവരായി എന്തുകോണ്ട് നമ്മള്‍ മാറി? അക്കൂട്ടത്തില്‍ നിങ്ങള്‍ എന്തു കൊണ്ട് കാണുന്നില്ല നിങ്ങളുടെ അമ്മയെയും ഭാര്യയെയും മക്കളേയും??
തിരക്കുള്ള ബസ്സില്‍ പ്രായമായവര്‍ക്കൊ, കുട്ടികളെ എടുത്ത സ്ത്രീകള്‍ക്കൊ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കാതെ എന്തുകൊണ്ട് നമ്മള്‍ പുറത്തേക്ക് നോക്കി അറിയാത്ത മട്ടില്‍ ഇരിക്കുന്നു?
ഭിക്ഷക്കായി എത്തുന്നവരെ ആട്ടിയോടിക്കുമ്പോഴും നിങ്ങള്‍ ഓര്‍ക്കുന്നില്ലെ അവര്‍ക്കും നിങ്ങളെ പോലെ ഒരു കുടുംബം ഉണ്ടെന്ന്?
ഒരപകടം കാണുമ്പോള്‍ തന്നെ ബാധിക്കാത്ത പോലെ എന്തു കൊണ്ട് നിങ്ങള്‍ വഴിമാറി പോകുന്നു?അതില്‍ അകപ്പെട്ടത് ചിലപ്പൊള്‍ നിങ്ങളുടെ സഹോദരനായികൂട എന്നുണ്ടോ?
ഇത്രയൊക്കെയായിട്ടും പ്രവാസികളായ നമ്മള്‍ എന്തു കണ്ടു കൊണ്ടാണ് നമ്മുടെ നാടിനെ കുറിച്ച് ഘോരഘോരം പുകഴ്ത്തി പറയുന്നത്?