ഈ കഴിഞ്ഞ ആഴ്ച്ചകളില്‍ എവിടെ ചെന്നാലും ഏതൊരു സൗഹൃദ സംഭാഷണത്തില്‍ ചെന്നു പെട്ടാലും കേള്‍ക്കുന്നത് ഒരേ ഒരു വാക്കു മാത്രം "ദുബൈ വേള്‍ഡ്" എന്ന ദുബൈ കമ്പനിയെ കുറിച്ച്, അവരുണ്ടാക്കി വെച്ച ബാധ്യതയെ കുറിച്ച്! സാമ്പത്തിക മാന്ദ്യം എന്താണെന്നും അത് എങ്ങിനെ, എവിടെ നിന്നു ആരംഭിച്ചു എന്നൊന്നും യാതൊരു വിവരവും ഇല്ലാത്ത ഒരുപറ്റം ആള്‍കാരാണ് ഇത്തരം ചര്‍ച്ചകളില്‍ സജീവം എന്നുള്ളതാണ് ഏറ്റവും രസാവഹം! അവരവരുടെ യുക്തിക്കനുസരിച്ച് ബാധ്യതയുടെ അളവ് കൂടിയും കുറഞ്ഞും പ്രചരിപ്പിക്കപ്പെടുന്നു എന്നു മാത്രം.
കഴിഞ പന്ത്രണ്ട് വര്‍ഷങളായി ഒരു പ്രവാസിയാണ് എന്നുള്ളതിനാലും ഇക്കണ്ട നാളത്രയും ഇവിടുത്തെ പൈസ കൊണ്ട് മാത്രം കുടുംബം പുലര്‍ത്താന്‍ സാധിച്ചു എന്നുള്ളതിനാലും കുറഞ്ഞ പക്ഷം എന്റെ മനസ്സിന്റെ സംതൃപ്തിക്കു വേണ്ടിയെങ്കിലും ഈ കുറിപ്പ് എഴുതേണ്ടത് ഒരു അത്യാവശ്യമായി ഞാന്‍ കരുതുന്നു.
ഇത്രയും നാളും ദുബായിയുടെ വളര്‍ച്ചയെ പാടി പുകഴ്ത്തിയിരുന്നവര്‍, വികസനത്തിന്റെ കാര്യത്തില്‍ ദുബായിയെ കണ്ട് പഠിക്കണം എന്നു പറഞ്ഞിരുന്നവര്‍, ഏതു വിധേനെയയും ഇങ്ങോട്ട് ഒന്നു എത്തിപ്പെടാന്‍ തത്രപ്പെട്ടിരുന്നവര്‍,എല്ലാവര്‍ക്കും ഇപ്പൊള്‍ കുറ്റപ്പെടുത്താനുള്ളത് ദുബായിയുടെ ലക്ക്കെട്ട പെട്ടന്നുള്ള വളര്‍ച്ചയെ, ദീര്‍ഘവീക്ഷണമില്ലായ്മയെ,ധൂര്‍ത്തിനെ അങ്ങനെ എന്നു വേണ്ട, ദുബായിക്കില്ലാത്ത കുറ്റങ്ങള്‍ ഒന്നും ഇല്ല ഇപ്പൊള്‍! ഈ പെട്ടെന്നുള്ള വളര്‍ച്ചകള്‍ കൊണ്ടാണ് നമ്മുടെ ഓരോരുത്തരുടെ വീട്ടിലും തീ പുകഞ്ഞിരുന്നത് എന്ന് ഈ പറയുന്നവര്‍ ഓര്‍ക്കുന്നില്ല, ഈ "ദീര്‍ഘവീക്ഷണമില്ലായ്മ" കൊണ്‍ടാണ് നമ്മുടെ സുഹൃത്തുക്കളില്‍ പലരെയും ഇവിടെ കൊണ്ടുവന്നു ജോലി വാങ്ങി കൊടുക്കാനും, നമ്മുടെ ബന്ധുജനങള്‍ക്കും മറ്റും സഹായങ്ങള്‍ എത്തിക്കാനും കഴിഞ്ഞിരുന്നത് എന്ന് സ്വയം ഒന്ന് ഓര്‍മ്മപെടുത്തുന്നതു ഈ അവസരത്തില്‍ നന്നായിരിക്കും. സങ്കടകരമായ ഒരു വസ്തുത, പല സുഹൃത്ത്ക്കളും ഇപ്പൊള്‍ ഫോണ്‍ ചെയ്യുന്നതു തന്നെ ഈ കമ്പനിയുടെയും അതുവഴി ദുബായിയുടെയും തകറ്ച്ചയെ കുറിച്ച് കേള്‍ക്കാനുള്ള താല്പര്യം കൊണ്ടാണെന്ന് മാത്രം തോന്നിപ്പോകുന്നു. ഇവരെല്ലാം തന്നെ പ്രത്യക്ഷമല്ലെങ്കില്‍ കൂടി പരോക്ഷമായെങ്കിലും ഈ രാജ്യത്തിന്റെ ആനുകൂല്യം പറ്റിയവരാണെന്നുള്ളതാണ്! ഈ "കീടങള്‍" അറിയുന്നില്ലല്ലൊ അവര്‍ ഇരിക്കുന്ന കൊമ്പ് തന്നെയാണ് അവര്‍ മുറിക്കുന്നത് എന്ന്! നമ്മുടെ നാടിന്റെ സമ്പത്ത് വ്യവസ്ഥയെ എത്രമാത്രം ഈ ഗള്‍ഫ് പണം കൊണ്ട് താങ്ങി നിര്‍ത്തുന്നു എന്ന്! ഇവരെല്ലാം ആഗ്രഹിക്കുന്ന പൊലെ ഇവിടെ നിന്നുള്ള പണത്തിന്റെ കുത്തൊഴുക്ക് ഒന്നു കുറഞ്ഞാല്‍ അറിയാം നാട്ടില്‍ എത്ര ആത്മഹത്യകള്‍ നടക്കും എന്ന്! ഇത്രയും പ്രവാസികള്‍ തിരിച്ച് നാട്ടിലേക്കു വന്നാലുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് ഇപ്പറഞ്ഞവരൊ, ഊതിപെരുപ്പിക്കുന്ന മാധ്യമങ്ങളൊ ചിന്തിച്ചിട്ടുണ്ടൊ? ഇനി ഉണ്ടെങ്കില്‍ തന്നെ അതിനു വേണ്‍ട എന്ത് പ്രതിവിധിയാണ് ഇക്കൂട്ടര് കണ്ടിരിക്കുന്നത്?
നാട്ടിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയെയും, അതു പ്രകൃതിക്ഷോഭമാകട്ടെ മാനുഷിക പ്രശ്നങ്ങളാകട്ടെ. ആദ്യം എത്തുന്ന സഹായം തീര്‍ച്ചയായും നിങ്ങള്‍ ഈ വിമര്‍ശിച്ചു തള്ളുന്ന ദുബായിയും(ചിലര്‍ കളിയാക്കി "ദുഫായി" എന്നും വിളിക്കും) അതിനോടനുബന്ധിച്ച മറ്റു എമിരേറ്റ്സുകളില്‍ നിന്നും ആകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.(മറ്റു ഗള്‍ഫ് നാടുകളുടെ സംഭാവനകളെ മറന്നുകൊണ്ടല്ല) ആ ഒരു കൈതാങ്ങ്, അതൊരുപക്ഷെ നാട്ടിലെ ജനാധിപത്യ സര്‍ക്കാരിനു ചെയ്യാവുന്നതിലും അപ്പുറമായിരിക്കും! ഇതിന്റെയെല്ലാം അടിസ്ഥാനം നിങ്ങള്‍ ഈ പറയുന്ന, പുശ്ചിച്ചു തള്ളുന്ന,വിമര്‍ശിച്ചു തള്ളുന്ന "ദുബൈ" തന്നെയാണ്.
ഒരുകാര്യം നിസ്സംശയം പറയാം, ഒരു ശക്തനായ ഭരണാധികാരിയും, ഇച്ചാശക്ത്തിയുള്ള ഒരു ഭരണ സമ്വിധാനവും ഉണ്ടെങില്‍, എത്ര വലിയ പ്രതിസന്ധിയും തരണം ചെയ്യാന്‍ വളരെ എളുപ്പത്തില്‍ സാധിക്കും എന്നു കാലം തെളിയിച്ചിട്ടുള്ളതാണ്. ഈ രണ്ട് ഘടകങളും വേണ്ടുവോളം ദുബായിക്ക് ഉണ്ട്. കൂട്ടം കൂടിനിന്ന് ആക്ഷേപിച്ച് സംസാരിക്കുമ്പൊഴും,അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പൊഴും, ദയവ് ചെയ്ത് മറക്കാതിരിക്കുക നമ്മള്‍ വന്ന വഴികള്‍...അതുകൊണ്ട് പ്രിയപെട്ടവരോട് ഒരപേക്ഷ മാത്രം, സഹായിച്ചില്ലെങ്ങിലും സാരമില്ല, വാക്കുകള്‍ കൊണ്ട് ഒരു രാജ്യത്തിന്റെ വളര്‍ച്ചക്കു തടയിടാന്‍ ശ്രമിക്കരുതേ...ഈ രാജ്യത്തിന്റെ പുരോഗതി ചിലപ്പൊള്‍ നിങ്ങളുടെ ഒരു സഹോദരന്റെ കൂടി പുരോഗതി ആയിരിക്കാം, അതൊരു പക്ഷെ ചിലപ്പോള്‍ നിങ്ങളുടെ സഹോദരിയുടെ വിവാഹമായിരിക്കാം, ചിലപ്പൊള്‍ നിങ്ങളുടെ മാതാവിന്റെ ഓപറേഷനുള്ള പണമായിട്ടായിരിക്കാം..ഒരു മൊത്തം കുടുംബതിന്റെ രക്ഷപ്പെടലായിരിക്കാം. അതുകൊണ്ട് നിങ്ങളുടെ പ്രാര്‍ത്ഥ്നകളില്‍ ഒരു സ്ഥാനം നമ്മളെ നമ്മളാക്കിയ ഈ രാജ്യത്തിനു വേണ്ടിയും കരുതാന്‍ ശ്രമിക്കുക.
ഒരു കാര്യം കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു. ഈ രാജ്യം അതിന്റെ എല്ലാവിധ പ്രതാപത്തോടെയും തിരിച്ചു വരും, അപ്പോഴും ഒരു വിസയും, ഡ്രാഫ്റ്റും സഹായങളും ചോദിച്ചു വരാന്‍ മറക്കരുതെ.....
കുറിപ്പ്: കഴിഞ്ഞ ഏഴു വര്‍ഷമായി മേല്പ്പറഞ്ഞ കമ്പനിയില്‍ ജോലി ചെയ്യുന്നവനാണ് ഈയുള്ളവന്‍.
2009, ഡിസംബർ 4, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)