2010, ഏപ്രിൽ 28, ബുധനാഴ്‌ച

എന്റെ പേഴ്സ്സ്

അങ്ങനെ ഇന്നലെയും എന്നത്തേയും പോലെ എനിക്കൊരു സാധാരണ ദിവസ്സമായേനെ...അതു സംഭവിച്ചില്ലായിരുന്നെങ്കില്‍!

സാധാരണ പോലെ തന്നെ കിളികള്‍ ചിലച്ചു,പടിഞ്ഞാറുനിന്നും കാറ്റ് വീശിയടിച്ചു,ഇതൊക്കെ കൊണ്ടാകാം എന്റെ പേഴ്സ്സും കളഞ്ഞു പോയി!

കുടുംബസമേതം വൈകീട്ടുള്ള പതിവ് നടത്തത്തിനായി ഇറങ്ങിയതായിരുന്നു.നടത്തം എന്നു പറഞ്ഞുകൂട,ഇഴച്ചില്‍ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.

ഇഴച്ചിലിന്റെ തിരക്കിനിടയില്‍ പോക്കറ്റില്‍ നിന്നും വീണുപോയത് അറിഞ്ഞുകാണില്ല.ആദ്യം കുറച്ചു നേരം പകച്ചു നിന്നെങ്കിലും പിന്നെ സാധാരണ ഇമ്മാതിരി കാര്യങ്ങള്‍ സംഭവിച്ചാല്‍ കാണാറുള്ള പോലെ തപ്പലായി,ചികയലായി,മുമ്പില്‍ കാണുന്നവരെല്ലാം എന്റെ പേഴ്സ്സ് എടുത്തവരാണൊ എന്ന സംശയമായി...അങ്ങനെ അങ്ങനെ.ദിര്‍ഹമായി ഏതാണ്ട് അഞ്ഞൂറ് കാണും.(ഏറെ കാലത്തിന് ശേഷമാണ് എന്റെ പേഴ്സ്സ് ഇത്ര പുഷ്ഠിച്ചു കാണുന്നത്!)

വെറുതെ കിട്ടുന്നതെന്തും വാങ്ങി വെക്കുന്ന ശീലം പണ്ടെയുള്ളതുകൊണ്ട് ഒരു ഡസ്സന്‍ ക്രെഡിറ്റ് കാര്‍ഡും ഉണ്ടായിരുന്നു. പിന്നെ അന്നദാതാവായ എ.ടി.എം കാര്‍ഡും കൂടെ ഒരു രസത്തിന് ഐഡന്റിറ്റി കാര്‍ഡും,ഡ്രൈവിങ്ങ് ലൈസ്സന്‍സ്സും.
പിന്നെ വളരെ കഷ്ട്ടപ്പെട്ട് എടുത്തതും ഒരുപകാരം ഇല്ലാത്തതുമായ എമിറേറ്റ്സ് ഐഡികാര്‍ഡ്!

എന്റെ പേഴ്സ്സ് കിട്ടിയ ആളില്‍നിന്നും വീണ്ടുമത് കളഞ്ഞു പോകാതെ തിരികെ കിട്ടില്ല എന്നുറപ്പായ സ്ഥിതിക്ക് പിന്നെയുള്ളത് കാര്‍ഡുകളെല്ലാം കാന്‍സല്‍ ചെയ്യുക എന്ന ഒരൊറ്റ വഴിയാണ്. അങ്ങനെ ഏകദേശം അരമണിക്കൂറെടുത്ത് ഒന്നൊന്നായി കാന്‍സല്‍ ചെയ്ത് അവസാന കാര്‍ഡും തീര്‍ത്ത് അണ്ടി കളഞ്ഞ അണ്ണാനെപോലെ,ഒരു നെടുവീര്‍പ്പും ഇട്ടിരിക്കുമ്പോള്‍ അതാ വരുന്നു ഒരു ഫോണ്‍കാള്‍,

“നിങ്ങളുടെ പേരെന്താണ്?”

പേരു പറഞ്ഞു.

“നിങ്ങളുടെ വല്ലതും നഷ്ട്ടപ്പെട്ടിട്ടുണ്ടോ??”

“ഉണ്ട്”

“ഏന്താണ്?”

“പേഴ്സ്സ്”

അതൊരു പത്തനംതിട്ടക്കാരന്‍ വര്‍ഗീസ്സ്ചേട്ടനായിരുന്നു.വര്‍ഗീസ്സ് ചേട്ടന്‍ നടക്കാന്‍ പോയപ്പോള്‍
വഴിയുടെ ഓരം ചേര്‍ന്ന് കിടക്കുകയായിരുന്നത്രെ എന്റെ പേഴ്സ്സ്!
നടക്കാന്‍ പോകുമ്പോള്‍ മൊബൈല്‍ എടുക്കാത്തതു കൊണ്ട് അദ്ദേഹം ഒരരമണിക്കൂര്‍ അവകാശിയേയും കാത്ത് അവിടെ തന്നെ കാത്തു നിന്നു.ആരെയും കാണാതായപ്പോള്‍
അദ്ദേഹം വീട്ടില്‍ പോയി പേഴ്സ്സിലുണ്ടായിരുന്ന എന്റെ ബിസ്സിനസ്സ് കാര്‍ഡില്‍ നിന്നും ഫൊണ്‍ നമ്പര്‍ എടുത്തു വിളിക്കുകയായിരുന്നു.
സാധരണ ഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍, കിട്ടുന്നവര്‍ കിട്ടാനുള്ളത് എടുത്തിട്ട് ബാക്കിയുള്ളത് എവിടെയെങ്കിലും വലിച്ചെറിഞ്ഞ് കളയുകയാണ് പതിവ്.

അദ്ദേഹത്തിന്റെ സന്മനസ്സിന് ഒരു നൂറായിരം നന്ദി.

എല്ലാം കഴിഞ്ഞപ്പോള്‍,വല്ലാതെ മൂത്രമൊഴിക്കാന്‍ മുട്ടിയിട്ട് മൂത്രമൊഴിച്ചുകഴിയുമ്പോള് അനുഭവിക്കുന്ന “ഒരിതില്ലെ“?? ആ.. അതുതന്നെ!!!

*************

പെഴ്സ്സ് തിരയുന്ന തിരക്കിനിടക്ക് “വിഷമിക്കേണ്ട പുതിയ പേഴ്സ്സ് വാങ്ങിതരാട്ടാ“ എന്ന ഒരു ഓഫ്ഫറും എനിക്ക് കിട്ടി. അഞ്ച് വയസ്സുകാരന്‍ മകനില്‍ നിന്നായിരുന്നു അത്!

ഹര്‍ത്താല്‍ വിരുദ്ധ പിന്തിരിപ്പന്‍ മൂരാച്ചികളേ...

ഹര്‍ത്താല്‍ വിരുദ്ധ പിന്തിരിപ്പന്‍ മൂരാച്ചികളേ...

ഹര്‍ത്താല്‍ മുനയൊടിഞ്ഞ ആയുധമല്ലായെന്നും ഒരൊറ്റ ദിവസത്തെ ഹര്‍ത്താല്‍ കൊണ്ട് ഇത്ര വിപ്ലവകരമായ മാറ്റങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും എന്ന് കാണിച്ചു തന്നില്ലെ?

ബുദ്ധിമുട്ടി(ച്ച്) ചെയ്ത ഹര്‍ത്താലുകൊണ്ടല്ലെ ഇന്നലെ ആറുമണിക്കു ശേഷം എല്ലാ സാധനങ്ങളുടെ വിലയും ഒറ്റയടിക്ക് കുറഞ്ഞത്?

ഇനി ജനങ്ങള്‍ക്ക് മനസമധാനത്തോടെ ജീവിക്കാം,ആവശ്യാനുസരണം അരിയും പയറും വാങ്ങി കൊതി തീരെ കഴിക്കാം. മാത്രമല്ല, ഈ ഹര്‍ത്താലിന്റെ തുടര്‍ച്ചയായി പട്ടിണി മറ്റാനായി മറ്റൊരു ഹര്‍ത്താല്‍ കൂടി നടത്തി കേരളത്തിലെ പട്ടിണി മുഴുവന്‍ തുടച്ചുമാറ്റുമെന്നും നമ്മുക്ക് പ്രത്യാശിക്കാം.

ലാത്സലാം നേതാക്കളെ,വിപ്ലവം ജയിച്ചു,ഹര്‍ത്താലിന് സിന്ദാബാദ്.വളരെ കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി ഇന്നലത്തെ ഹര്‍ത്താല്‍ ഒരു വന്‍വിജയമാക്കാന്‍ സഹായിച്ച എല്ലാ നേതാക്കന്മാര്‍ക്കും, കുട്ടി നേതാക്കന്മാര്‍ക്കും, അണികള്‍ക്കും പൊതുജനത്തിന്റെ വക ഒരുമ്മ!

കുറിപ്പ്: ഇപ്പ്രാവശ്യത്തെ ഹര്‍ത്താലിന്റെ ഗംഭീര വിജയം തീവണ്ടി കൂടി ഉള്‍പ്പെടുത്തിയതു കൊണ്ടാണെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്,ആയതിനാല്‍ അടുത്ത ഹര്‍ത്താലില്‍ വിമാനം,കപ്പല്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി കേരള ജനതക്ക് മറക്കാനാകത്ത മറ്റൊരു “ഹര്‍ത്താല്‍ ദിനം“ കൂടി സമ്മാനിക്കാന്‍ ഇടവരട്ടെ എന്ന് ആത്ഥ്മാര്‍ത്തമായി ആശംസ്സിച്ചുകൊള്ളുന്നു.

2010, ഏപ്രിൽ 21, ബുധനാഴ്‌ച

ആദ്യാനുഭവം

പുറത്ത് നല്ല കോരിചൊരിയുന്ന മഴ.അരണ്ട വെളിച്ചം.സമയം ഏതാണ്ട് വെളുപ്പിന് മൂന്ന് മണിയായിക്കാണും.മനസ്സിലെ ഭയം കൊണ്ടാണോ പുറത്ത് പെയ്യുന്ന മഴ കൊണ്ടാണോ എന്നറിയില്ല,ശരീരമാസകലം തണുത്തുവിറക്കുന്നു.പുതച്ചിരുന്ന കമ്പിളി പിടിച്ച് ഒന്നു നേരെയിട്ടു.
അന്നാദ്യമായി അവന്റെ ഉള്ളില്‍ ആ മോഹം മൊട്ടിട്ടു! എത്ര മാത്രം മനസ്സിനെ കടിഞ്ഞാണ്‍ ഇടാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ല.ഈയൊരു മനുഷ്യായുസ്സു മുഴുവന്‍ തപസ്സിരുന്നാലും ചിലപ്പോള്‍ ഇങ്ങനെ ഒരു അവസരം ഒത്തുകിട്ടി എന്ന് വരില്ല.
അവന്റെ മനസ്സിലിരുന്ന് ആരോ പതുക്കെ മന്ത്രിച്ചുകൊണ്ടേയിരുന്നു."ഇതു തന്നെ അവസരം, പിന്തിരിയരുത്, പിന്തിരിയരുത്".അനുകൂല സാഹചര്യങ്ങള്‍ ഒരുപാടുണ്ടായിട്ടും ഇതുവരെ ഒന്നു സ്പര്‍ശിച്ചിട്ടുപോലുമില്ല,പിന്നെന്തേ ഇപ്പൊള്‍ മാത്രം ഇങ്ങനെ?
അവന്‍ പതുക്കെ എഴുന്നേറ്റ് പരിസരം ഒന്നു വീക്ഷിച്ചു.എല്ലാവരും നല്ല ഉറക്കത്തിലാണ്.തിരികെ വന്ന് ഒരിക്കല്‍ കൂടി എല്ലാം ഭദ്രം എന്നുറപ്പുവരുത്തിയതിന് ശേഷം അവന്‍ സാവധാനം ചേര്‍ന്നിരുന്നു.വിറക്കുന്ന വിരലുകള്‍കൊണ്ട് അറിയാതെയൊന്ന് തൊട്ടുനോക്കി.
ഇല്ല,ഒരെതിര്‍പ്പും ഉണ്ടെന്ന് തോന്നുന്നില്ല. പെട്ടെന്ന് ലഭിച്ച ധൈര്യത്തോടെ എത്തിപ്പിടിക്കാന്‍ അവന്‍ ഒരു വിഫല ശ്രമം നടത്തിനോക്കി,പക്ഷെ പെട്ടൊന്നൊന്നും പിടിതരാത്തവണ്ണം അവന്റെ കയ്യില്‍ നിന്നും വഴുതി മാറി.വീണ്ടും ഒരു ശ്രമം കൂടി നടത്തി നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം.
വയ്യ, ഇനി പിടിച്ചു നില്‍ക്കാന്‍ വയ്യ,സഹിക്കവയ്യാത്ത ആഗ്രഹത്തോടെ ചാടിയെഴുന്നേറ്റ് അവന്‍ ചങ്ങലയില്‍ പിടിച്ചു ഒറ്റ വലി വലിച്ചു!വല്ലാത്ത കരകര ശബ്ദ്ത്തോടെ സാവധാനം തീവണ്ടി നിന്നു!ഉറങ്ങിയിരുന്നവരും അല്ലാത്തവരും കലപില കൂട്ടി എഴുന്നേല്‍ക്കാനും തുടങ്ങി......

2010, ഏപ്രിൽ 18, ഞായറാഴ്‌ച

നൊമ്പരപ്പെടുത്തുന്ന ഒരു വാര്‍ത്ത

ഇന്നത്തെ മാതൃഭൂമിയില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടാണ് താഴെ കുറിച്ചിരിക്കുന്നത്.

“ആരും തിരിഞ്ഞുനോക്കാതെ ആറുമണിക്കൂര്‍ കുഴഞ്ഞുവീണയാള്‍ വഴിയരികില്‍ക്കിടന്ന് മരിച്ചു“

മലപ്പുറത്തു നടന്ന ഈ സംഭവത്തിന്റെ സത്യാവസ്ഥയിലേക്ക് കടക്കുന്നില്ല.പലര്‍ക്കും ഇതൊരു സാധാരണ വാര്‍ത്തയുമായിരിക്കാം. “സാധാരണ വാര്‍ത്ത”എന്നുദ്ദേശിക്കുന്നത്, ഇതിന്മുമ്പ് ഒരുപാട് പ്രാവശ്യം സമാന വാര്‍ത്തകള്‍ കേട്ടതൊ കണ്ടതൊ ആകാം.പക്ഷെ മനസ്സില്‍ അല്‍പ്പമെങ്കിലും ദയ ബാക്കി വെച്ചിട്ടുള്ളവര്‍ക്ക് ഇത് വെറുമൊരു സാധാരണ സംഭവമായി കാണാന്‍ സാധിക്കില്ല എന്നുറപ്പാണ്.

നമ്മുടെ നാട് എത്ര ഭയാനകമായൊരു അവസ്ഥയിലേക്കാണ് കൂപ്പുകുത്തികൊണ്ടിരിക്കുന്നത് എന്ന് ഇതില്‍പ്പരം എന്തു തെളിവാണ് ആവശ്യം? ഇതില്‍ കൂടുതല്‍ എന്ത് അപചയമാണ് നമ്മുക്ക് സംഭവിക്കാനുള്ളത്?
മനുഷ്യന്റെ മനസ്സില്‍നിന്നും ദയ, കരുണ എന്നീ വികാരങ്ങളെല്ലാം ചോര്‍ന്നൊലിച്ചു പോയ്കൊണ്ടിരിക്കുന്നു.നമ്മുക്ക് ഉപകാരമില്ലാത്ത ഒരു കാര്യങ്ങളില്‍ ഇടപെടില്ല എന്ന ചിന്താരീതി ദിവസ്സം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

വഴിയരികില്‍ പരിക്കേറ്റ്കിടക്കുന്നത് ഒരു മദ്യപനോ തെമ്മാടിയൊ മൃഗമോ എന്തുമായിക്കൊള്ളട്ടെ,ആ ഒരു വിലപ്പെട്ട ജീവന്‍ രക്ഷിക്കാനുള്ള കടമ ഒരു മനുഷ്യജീവി എന്ന നിലയില്‍ നമ്മളില്‍ ഓരൊരുത്തര്‍ക്കും ഇല്ലെ?
ചിലപ്പോള്‍ നമ്മളെ പോലെ തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടയില്‍ കാലിടറി വീണുപോയതാണെങ്കിലൊ?പരിക്കേറ്റ് കണ്മുമ്പില്‍ കിടക്കുന്ന ഒരു ജീവനെ രക്ഷിക്കാന്‍ ശ്രമിക്കാത്തത് ഒരുതരത്തില്‍ ചിന്തിച്ചാല്‍ അതും ഒരു കൊലപാതകം തന്നെയല്ലെ?

അതല്ല, മൊബൈലില്‍ ഷൂട്ട് ചെയ്ത് മറ്റുള്ളവരെ കാണിച്ച് ആത്മസംതൃപ്തി അടയുന്നതാണൊ നമ്മുടെ സംസ്കാരം? അതോ ബസ്സ് പിടിക്കാനുള്ള തിരക്കിനിടയില്‍ ഇത്തരം “വയ്യാവേലികള്‍ക്കൊന്നും“ നമ്മുക്കിടയില്‍ സ്ഥാനമില്ല എന്ന് ചിന്തിച്ച് മനപ്പൂര്‍വം കണ്ടില്ല എന്ന് നടിക്കുന്നതോ?

പക്ഷെ ഒരു കാര്യം നാം ഓരോരുത്തരും ഓര്‍ക്കുന്നത് നന്ന്, ആ വീണുകിടക്കുന്നവരില്‍ നമ്മുടെ മക്കളുടെയൊ, സഹോദരങ്ങളുടെയൊ,അച്ച്ചനമ്മമാരുടെയൊ മുഖം ഉണ്ടാകില്ല എന്ന് എന്താണുറപ്പ്??? ഇനി ഉണ്ടെങ്കില്‍ തന്നെ,
അപ്പോഴും ചില സങ്കുചിത മനസ്സുള്ളവര്‍ മൊബൈലും കയ്യില്‍ പിടിച്ച് ഷൂട്ട് ചെയ്യുന്നുണ്ടാകും. അപ്പോഴും ചിലര്‍ ബസ്സിനു വേണ്ടി തിരക്കിട്ട് ഓടുന്നുണ്ടാകും! ജാഗ്രതൈ!

കുറിപ്പ്: കാടടച്ചു വെടിവെച്ചു എന്നു തോന്നരുത്.ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെ ക്രിയാത്മകമായി ഇടപെടുന്ന അപൂര്‍വം ചിലരെയെങ്കിലും മറന്നുകൊണ്ടുമല്ലയിത്.വാര്‍ത്ത വായിച്ചപ്പോള്‍ കുറച്ചധികം ദയ മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ട് ...ഒരു നൊമ്പരം.

2010, ഏപ്രിൽ 14, ബുധനാഴ്‌ച

അപ്പുകുട്ടന്റെ ചിരി

അപ്പുകുട്ടന് വയസ്സ് അഞ്ച്. വല്യ കുറുമ്പനല്ലെങ്കിലുംകൂടി കുസൃതിക്ക് മാത്രം യാതൊരു കുറവുമില്ല.
ഒരു നേരവുംഅടങ്ങിയിരിക്കില്ല എന്നുള്ളതാണ് അവനെ കുറിച്ച് എപ്പോഴുമുള്ള പരാതി. ഇവനെ കുറച്ചു നേരത്തേക്കെങ്കിലും ഒന്ന് അടക്കിയിരുത്താന്‍, അവന്റെ അമ്മ അവന് ചാര്‍ളി ചാപ്ലിന്റെ സീഡി വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചു.
ഈ സീഡി വാങ്ങുന്നതിനു മുമ്പെ തന്നെ “ഇത് ഭയങ്കര തമാശ്ശയാണ്, മോനിത് വല്യ ഇഷ്ടമാകും” എന്നൊക്കെ പറഞ്ഞിരുന്നതു കൊണ്ടാകാം അപ്പുകുട്ടന്‍ വീട്ടില്‍ വന്ന് സീഡി കവറില്‍ നിന്നും പുറത്തെടുത്തതും, സ്വിച്ച് ഇട്ട പോലെ ചിരി തുടങ്ങി!
ചിരി എന്നു പറഞ്ഞാല്‍ വെറും ചിരിയല്ല,വയറു തടവി കൊണ്ടുള്ള നല്ല പൊട്ടിചിരി....

എന്തായാലും ഭാഗ്യത്തിന് സീഡി ഇട്ടു കണ്ടു തുടങ്ങിയതും സ്വിച്ച് ഇട്ട പോലെ തന്നെ അപ്പുകുട്ടന്റെ ചിരിയും നിന്നു!!

2010, ഏപ്രിൽ 11, ഞായറാഴ്‌ച

ഇരട്ടക്കാല്‍ ഡ്രൈവിങ്ങ്

നാട്ടില്‍ പോയി കാര്‍ ഡ്രൈവിങ്ങ് പഠിച്ച് ലൈസന്‍സ്സ് എടുത്തതു കൊണ്ടാണൊ, പഠിക്കാതെ എടുത്തതു കൊണ്ടാണൊ എന്നറിയില്ല എന്റെ ശ്രീമതി നാട്ടില്‍ നിന്നും തിരിച്ചു വന്നത്
ലേശം തലക്കനവും പിന്നെ സംശയങ്ങളുടെ കൂമ്പാരവുമായിട്ടായിരുന്നു. കാറില്‍ കയറിയാല്‍ ഉടന്‍ ചോദ്യങ്ങള്‍ എയ്തു തുടങ്ങും.
“ഈ കാറിനു ഗിയറില്ലെ?” “ഈ കാറിന് ബ്രേക്കില്ലെ“? ഇങ്ങനെ നീണ്ട്പോകും ചൊദ്യങ്ങള്‍. ഈ ചൊദ്യങ്ങള്‍ക്കെല്ലാം പിന്നില്‍, നിങ്ങള്‍ക്ക് മാത്രമല്ല മനുഷ്യാ എനിക്കും ചിലതൊക്കെ
അറിയാം എന്ന് വരുത്തി തീര്‍ക്കുകയും ചെയ്യാം!

അന്നും എന്നത്തേയും പോലെ ഒരു സാധാരണ ദിവസം. കാറില്‍ കയറിയ ശ്രീമതി സാധരണ പോലെതന്നെ നിര്‍ദാക്ഷണ്യം കുറെ ചൊദ്യങ്ങള്‍ എടുത്ത് എന്റെ മുഖത്തേക്ക് എറിഞ്ഞു!

“ഈ കാറിന് ഗിയര്‍ ഇല്ലെ”?
“ഉണ്ട്“

“പിന്നെന്തെ ഗിയര്‍ മാറ്റാത്തെ?”
“ഈ കാറില്‍ ഗിയര്‍ ഓട്ടോമാറ്റിക്ക് ആണ്“.

ഒന്നും മനസ്സിലായില്ല എന്നു മുഖഭാവം വ്യക്തമാക്കുന്നു.

ഞാന്‍ വീണ്ടും “ഈ കാറില്‍ ഗിയര്‍ തന്നെതാനെ മാറിക്കൊളും”.
വെറുതെയല്ല നിങ്ങള്‍കൊക്കെ ലൈസന്‍സ്സ് കിട്ടിയത് എന്ന ഭാവം മുഖത്തൊട്ടിച്ച് എന്നെ ഒന്നു നോക്കി, കൂടെ നാട്ടില്‍ നിന്നും ലൈസന്‍സ്സ് എടുത്ത ഞാനൊരു സംഭവം ആണെല്ലെ എന്നൊരു ഭാവവും.

“ഗിയറില്ലെങ്കില്‍ ക്ലച്ചുണ്ടാകുമൊ”?
വീണ്ടും ഈയുള്ളവന്‍ “ഇല്ല, ഇവിടുത്തെ കാറുകളില്‍ ആകെ ബ്രേക്കും ആക്സിലറേറ്ററും മാത്രമേ സാധരണയായി ഉണ്ടാകു”.

വളരെ ലാഘവത്തോടെ,“വെറുതെയല്ല ഞാന്‍ ആറ് പ്രാവശ്യം ടെസ്റ്റ് കൊടുത്തിട്ടും പൊട്ടിയത്”.“നാട്ടില്‍ ഗിയര്‍ എല്ലാം മാറ്റി ഓടിക്കാന്‍ വല്യ പാടാണ്ന്നേ”
(അതു ശരിയാണ്, നാട്ടില്‍ 'H'എടുക്കാന്‍ വെണ്ടി കുത്തിയിരുന്ന കമ്പികള്‍ ഒരെണ്ണമില്ലാതെ ഇടിച്ച് താഴെയിട്ട കക്ഷിയാണ്!ഭയങ്കര കൃത്യത!
'H'എടുത്തിട്ട് ലൈസന്‍സ്സ് കിട്ടില്ല എന്നുറപ്പായപ്പോള്‍ ഇനിയെന്ത് ഇഗ്ലീഷ് അക്ഷരം വേണം എന്ന് തമാശക്ക് ചോദിച്ചപ്പോള്‍ ‘I' മതി എന്ന് നിഷ്കളങ്കതയോടെ പറഞ്ഞ കക്ഷി!)

ഈയുള്ളവന്‍ “വളരെ ശരിയാണ്”.എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈയുള്ളവന്‍ ആദ്യ ടെസ്റ്റില്‍ തന്നെ ലൈസന്‍സ്സ് എടുത്തത് വെറും നിസ്സാരം!

ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്നാണ് ശ്രീമതിയുടെ അടുത്ത ചൊദ്യം വന്നത്.

“അപ്പൊ ഇവിടെ കാറോടിക്കാന്‍ രണ്ട് കാല്‍ മാത്രം മതി അല്ലെ“?

ചൊദ്യം കേട്ട ഞെട്ടലില്‍ ഞാന്‍ ശ്രീമതിയുടെ കാലിലേക്ക് പതുക്കെ ഒന്നു നോക്കിപോയി.

“അപ്പൊ നാട്ടില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ മൊത്തം എത്ര കാല്‍ ഉണ്ടായിരുന്നു”?? എന്ന് ചോദിക്കാന്‍ ആഞ്ഞെങ്കിലും വായില്‍ നിന്നും ചൊദ്യം പുറത്തേക്ക് വന്നില്ല എന്നു മാത്രം.

സമര്‍പ്പണം: എല്ലാ ഇരട്ടകാലന്‍ ഡ്രൈവെഴ്സ്സിനും.