2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

ഓര്‍മ്മയുണ്ടോ ഈ ദിവസ്സം???

"....ഇന്നത്തെ ദിവസ്സം ഓര്‍മ്മയുണ്ടോ"?


"പിന്നെ ഈ ദിവസ്സം മറക്കാന്‍ പറ്റുമോ നമ്മുക്ക്?"

സ്വന്തം ജന്മദിനം വരെ ഓര്‍ത്തു വെക്കാന്‍ കഴിവില്ലാത്ത ഞാന്‍ തിരിച്ച് ചോദിച്ചു.

"എന്നാ പറയ്, എന്താണിന്നത്തെ പ്രത്യേകത"?


കുഴഞ്ഞല്ലോ എന്ന ആത്മഗതത്തോടെ ഓര്‍ത്തെടുക്കാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി ഞാന്‍!

മനസ്സില്‍ തെളിഞ്ഞുവന്ന ഒരു വല്യ ഒരു ബ്രാക്കറ്റില്‍ നിന്ന് ഒന്നെടുത്ത് അങ്ങോട്ട് അലക്കി. "ഇന്നല്ലെ ഞാന്‍ തന്നെ പെണ്ണുകാണാന്‍ വന്ന ദിവസ്സം"? "ആ ദിവസ്സം എനിക്കെങ്ങിനെ മറക്കാന്‍ സാധിക്കും?" എന്ന വാലോടു കൂടി...

പണ്ടു മുതലേ ഈയുള്ളവന്‍ കറക്കികുത്തില്‍ മിടുക്കനാണ്. ഒരുപാട് കടമ്പകള്‍ അങ്ങനെ കടന്നിട്ടുള്ളതുമാണ്. ഇതും അങ്ങനെ രക്ഷപെട്ടു എന്നു കരുതി ഇരുന്നപ്പോഴാണ്...

"കഷ്ടം, അപ്പോ പെണ്ണു കാണാന്‍ വന്ന ദിവസ്സവും ഓര്‍മയില്ല അല്ലെ"?


ദേ കെടക്കണ്. അതും ചീറ്റിപ്പോയി.

"അത്...ഞാന്‍ തന്നെ ഒന്നു പറ്റിച്ചതല്ലെ?" "എനിക്കറിയാല്ലോ, ഇന്ന് തന്നെ വീട്ടില്‍ നിന്നു കിഡ്നാപ്പ് ചെയ്തിറക്കി, നമ്മള്‍ ഒരുമിച്ച് ആദ്യമായി പുറത്തു പോയ ദിവസ്സം ആണെന്ന്"

ഇപ്രാവശ്യം ഞാന്‍ വിജയം മണത്തു.

കുറച്ചു നേരത്തിന് അപ്പുറത്തുനിന്നും ശബ്ധം ഒന്നും കേക്കാതായപ്പോള്‍ ഉറപ്പിച്ചു, ഹാവൂ..രക്ഷപ്പെട്ടു, ഇതെങ്കിലും ഏറ്റിരിക്കും.

"കുന്തം, അതൊന്നും അല്ല" "ഇക്കണക്കിന് കല്യാണ ദിവസ്സം ഓര്‍മയുണ്ടാകുമൊ ആവൊ"

പെട്ടെന്ന് എനിക്ക് കത്തി, ഹമ്പടീ ഖള്ളീ..."ഞാന്‍ മറന്നു എന്നു വിചാരിച്ചു അല്ലെ"... "മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ മൈ ഡിയര്‍...."
നിശബ്ദ്ത മാത്രം....

"അതേയ്...താന്‍ ഇങ്ങോട്ട് വിഷ് ചെയ്തു കഴിഞ്ഞിട്ട് അങ്ങോട്ട് വിളിച്ച് വിഷ് ചെയ്യാം എന്നു കരുതി കാത്തിരുന്നതാണ്"

വീണ്ടും അങ്ങേ തലക്കല്‍ നിശബ്ദ്ത മാത്രം. എന്തോ ഒരു അപകടം മണക്കുന്നു. എന്റെ മെമ്മറി മെഷിന്‍എടുത്ത് നന്നായി ഒന്നു കുലുക്കി നോക്കി...ചതിച്ചല്ലൊ, ഇന്നായിരുന്നില്ല വിവാഹ ദിനം! ഇനി കുട്ടികളുടെ ജന്മദിനം വല്ലതും ആണോ....ഹും..അതൊന്നുമല്ല, അതു വരുന്നത് ആഗസ്റ്റിലോ, സെപ്റ്റമ്പറിലൊ ആണ്. പുള്ളിക്കാരിയുടെ ജന്മദിനവും ആകില്ല കാരണം, അത് മൊബൈലില്‍ റിമൈന്റര്‍ ഇട്ടിട്ടുണ്ട്.

ഇനിയും എന്റെ ശ്രമം തുടര്‍ന്നാല്‍ 365 ദിവസ്സവും തികയാതെ വരും എന്നു മനസ്സിലാക്കി അവസാനം തോല്‍വി സമ്മതിച്ച് അടിയറവു പറഞ്ഞു. ഇനി ആവര്‍ത്തിക്കില്ല എന്ന് സാഷ്ട്ടാംഗപ്രണാമവും.

"ഇനി പറ, എന്താണ് ഇന്നത്തെ പ്രത്യേകത"???

സ്വതവേയുള്ള വിക്കില്‍ കുറച്ചു നാണവും രോഷവും സമാസമം ചേര്‍ത്തിട്ട് സാവധാനം പറഞ്ഞു...

"ഇന്നാണ് ങ്ങ്ങള്‍ എനിക്ക് ആദ്യമായി.....ആദ്യമായി...."


"ആദ്യമായി...????" (പിന്നില്‍ "അനുരാഗവിലോചനനായി....."എന്ന സിനിമ ഗാനം)

".....മസാലദോശ വാങ്ങി തന്ന ദിവസം"

ഇന്നലെ കഴിച്ച മസാലദോശ വരെ എവിടന്നാണെന്ന് ഓര്‍മ്മയില്ലാത്ത എന്നോടാണീ ചതി! എങ്കിലും....

"ശ്ശോ...കഷ്ടമായിപ്പോയി, ഒരിക്കലും ഞാന്‍ മറക്കാന്‍ പാടില്ലായിരുന്നു ഈ ദിവസ്സം" എന്നു പറഞ്ഞ് സ്വയം ആരോപിതനാകാന്‍ മാത്രമേ എനിക്ക് അപ്പോള്‍ കഴിഞ്ഞുള്ളു....

**********

എന്തായാലും "വാലന്റയ്ന്‍സ്സ് ഡേ", "ഫാദേഴ്സ്സ് ഡേ", "മദേഴ്സ്സ് ഡേ"എന്ന പോലെ ഒരു "ഡേ" (മസാലദോശ ഡേ)കൂടി ലോകത്തിന് സംഭാവന ചെയ്തതില്‍ എനിക്കുള്ള പങ്ക് എക്കാലത്തും സ്മരിക്കപ്പെടേണ്ടതാണ്.

(വര്‍ഷത്തില്‍ 365 ദിവസ്സങ്ങള്‍ ഉണ്ടായതു നന്നായി എന്ന് ഇപ്പൊ തോന്നുന്നു!)

2 അഭിപ്രായങ്ങൾ: