2010, ജനുവരി 31, ഞായറാഴ്‌ച

പ്രവാസി എന്ന മണ്ടന്‍

സലാംക്കാക്ക് ഹാര്ട്ട് അറ്റാക്ക്! പെട്ടെന്ന് കേട്ടപ്പൊള്‍ ഞെട്ടിപ്പോയി. കാഴ്ച്ചക്ക് നല്ല ആരോഗ്യവാനായ മനുഷ്യന്‍. പിന്നെ ആലോചിച്ചപ്പൊള്‍ അതില്‍ ഒട്ടും അല്‍ഭുതപ്പെടേണ്ടതില്ല എന്നു തോന്നി. കാരണം കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളഅയി ഇദ്ദേഹം ഒരു ഗള്‍ഫ് പ്രവാസിയായിരുന്നു. ഈ അടുത്ത കാലത്താണ് നാട്ടില്‍ വന്ന് കുടുംബവുമായി ഒരുമിച്ചു ജീവിച്ചു തുടങ്ങിയത്. ഏതൊരു പ്രവാസിയെയും പോലെ, സമ്പത്തിനോടൊപ്പം അത്യാവശ്യം വേണ്ട എല്ലാ അസുഖങ്ങളും ഇദ്ദേഹവും സമ്പാദിച്ചു വെച്ചിരുന്നു.

നമ്മുക്കിടയിലേക്ക് ഒന്നിറങ്ങി ചെന്നാല്‍, ഒന്നു ചുറ്റും കണ്ണോടിച്ചാല്‍, ചിലപ്പോള്‍ നമ്മിലേക്ക് തന്നെ ഒന്ന് സ്വയം ചൂഴ്ന്നിറങ്ങിയാല്‍ ഇത്തരത്തിലുള്ള അനേകം സലാംക്കമാരെ കാണാന്‍ സാധിക്കും. മറ്റുള്ളവരെ ജീവിപ്പിക്കാനുള്ള തത്രപ്പാടിനിടക്ക് സ്വയം ജീവിക്കാനായി മറന്നു പോകുന്നവര്‍! സ്വന്തം മക്കളുടെ വളര്‍ച്ചകളെ ദൂരെ മാറിനിന്നു മാത്രം കാണാന്‍ വിധിക്കപ്പെട്ടവര്‍! എണ്ണിചുട്ട അപ്പം പോലെ കിട്ടുന്ന അവധിക്ക് നാട്ടിലെത്തുമ്പോള്‍ മാത്രം ജീവിക്കുന്നവര്‍.

ഗള്‍ഫിലേക്കു ആദ്യമായി വരുന്ന ഓരോരുത്തരും ഇവിടെ കാലങ്ങളോളം നില്‍ക്കണം എന്ന് ആഗ്രഹിച്ചു വരുന്നവരല്ല. മറിച്ച്, എത്രയും പെട്ടെന്ന് കുറച്ച് പൈസ സമ്പാദിച്ച്, ജീവിതം ഭദ്രമാക്കി തിരിച്ച് പോകണം എന്നു ആഗ്രഹിച്ചു വന്നവരാണ്. പക്ഷെ ഉത്തരവാദിത്വം എന്ന കരാളഹസ്തത്തിലും ഗള്‍ഫ് എന്ന കെണിയിലും പെട്ട് ഒട്ടു മിക്ക ജീവിതങ്ങളും ഇത്തരത്തില്‍ ഹോമിക്കപ്പെട്ടു പോകുകയാണ് പതിവ്.

എല്ലു മുറിയെ പണിയെടുത്ത്, എല്ലാ സൗകര്യങ്ങളും, സുഖങ്ങളും ഒന്നും അനുഭവിക്കാതെ, ഒരു നല്ല നാളെക്കായി കരുതി വെക്കുന്നവര്‍. അവസാനം യതൊന്നും അനുഭവിക്കാന്‍ ആകാതെ ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും ഒരു വ്യാധിയുടെ രൂപത്തില്‍ മരണം അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നിസ്സഹായതോടെ നോക്കി നില്‍ക്കാന്‍ മാത്രമെ കഴിയാറുള്ളു. ഒരുപാട്, ഒരുപാടൊരുപാട് ആഗ്രഹങ്ങളും വിങ്ങലുകളും ബാക്കി വെച്ച് അവര്‍ യാത്രയാകുന്നു. അതെ, ഒരുപാടാള്‍ക്കാരെ ജീവിപ്പിച്ച്, സ്വയം ജീവിക്കാതെ യാത്രയാകുന്ന നമ്മളടക്കമുള്ള മണ്ടന്മാര്‍.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ