2010, ജൂലൈ 28, ബുധനാഴ്‌ച

ഒരു ഡിസ്കോത്തിക്ക് രാത്രി

ഒരുപാടു നാള്‍ക്കു ശേഷമാണ് സന്ദീപിന്റെ ഫോണ്‍ വരുന്നത്.ഇപ്പ്രാവശ്യം എന്തായാലും വീക്കന്റില്‍ ഒരുമിച്ച് ഭക്ഷണത്തിന് കൂടാം എന്ന തീരുമാനത്തോടെ ഞങ്ങള്‍ ഫോണ്‍ വെച്ചു.

അങ്ങിനെ വ്യാഴാഴ്ച്ച വൈകീട്ട്  അഞ്ചരക്ക് എന്നെ വിളിച്ച് കൃത്യം എട്ട് മണിക്ക് റെഡിയായി നില്‍ക്കാന്‍ പറഞ്ഞുവെങ്കിലും ഒട്ടും വൈകാതെ തന്നെ സന്ദീപ് കൃത്യം ഒന്‍പതര മണിയായപ്പോഴേക്കും എന്റെ ബില്‍ഡിങ്ങിന് താഴെ എത്തി.

എനിക്കറിയാവുന്ന “ആപ്പ ഊപ്പ” റെസ്റ്റോറന്റുകളുടെ പേരുപറഞ്ഞ് അയാള്‍ക്ക് എന്നോടുള്ള മതിപ്പ് കളയണ്ട എന്ന് കരുതിയതിനാലും,കൂടെയുള്ളയാള്‍ അത്യാവശ്യം പ്രമാണി ആയതുകൊണ്ടും എവിടെ പോകണം എന്തു ഭക്ഷണം കഴിക്കണം എന്നൊക്കെ അദ്ദേഹത്തോട് തീരുമാനിക്കാന്‍ പറഞ്ഞ് ഞാന്‍ ഫോണില്‍ മെസ്സേജ് ചെയ്യുന്ന തിരക്കിലാണ് എന്ന വ്യാജേന ഒരൊറ്റ ഇരുപ്പിരുന്നു.

“എന്നാല്‍ നമ്മുക്ക് കരാമയിലേക്ക് പോകാം,അവിടെ “മിര്‍ച്ചി”എന്ന നല്ലൊരു ബാര്‍ റെസ്റ്റോറന്റുണ്ട്.അവിടെയാകുമ്പോള്‍ അല്‍പ്പസ്വല്‍പ്പം എരിവും കിട്ടും”

ലോകത്തുള്ള സകല കള്ളുകുടിയന്മാര്‍ക്കും ഇഷ്ടമുള്ള സംഭവമാണ് ഈ “എരിവ്”.ഞാന്‍ മനസ്സിലും പറഞ്ഞു.അങ്ങിനെ കഷ്ടപെട്ട് ഒരു പാര്‍ക്കിങ്ങില്‍ വണ്ടി തിരുകി വെച്ച് മിര്‍ച്ചിയുടെ കവാടത്തിലെത്തി.വാതിലിന്റെ ഒരു വശത്ത് ഒരു ആഫ്രിക്കന്‍ കരുമാടികുട്ടന്‍ അവന്റെ തന്നെ നിറത്തിലുള്ള സ്യൂട്ടുമിട്ട് നില്‍ക്കുന്നു.സൂക്ഷിച്ച് നൊക്കിയാലെ സ്യുട്ട് ഇട്ടത് മനസ്സിലാകു.ഇത്തരക്കാരെ കണ്ടാല്‍ സാധാരണ ഞാന്‍ മൈന്റ് ചെയ്യാറില്ല,കാരണം എന്തെങ്കിലും കാരണവശാല്‍ അവന്മാര്‍ നമ്മളെ നോക്കി ചിരിച്ചാല്‍ കാണുന്നവര്‍ക്ക് ഫീല്‍ ചെയ്യില്ലെ ഞങ്ങള്‍ തമ്മില്‍ എന്തോ ഒര് ബന്ധം...

വാതിലിന്റെ ഇടത് വശത്തായി ഒര് അമ്മച്ചി പെയിന്റും പാട്ടയില്‍ ഉമ്മ കൊടുത്ത ചുണ്ടുമായി നില്‍ക്കുന്നു.

“സാര്‍,രാത്രി പതിനൊന്നരക്കു ശേഷം ഇവിടെ “ഡിസ്കൊ“ ഉണ്ട്,അതിന്റെ ഫീസ് ഇവിടെ അടക്കണം” സുഹൃത്ത് എന്നൊട് ആഗ്യഭാഷയില്‍ വേണൊ എന്ന് ചോദിച്ചു.

ഡിസ്കൊ എന്നു കേട്ടതും എന്റെ മനസ്സില്‍ ഡിസ്കൊ ശാന്തിയും സില്‍ക്ക് സ്മിതയും പിന്നെ പല നിറത്തിലുള്ള മിന്നിമറയുന്ന വെളിച്ചവും ഓടിയെത്തി.

എങ്കിലും ഒട്ടും മുഖത്ത് താല്‍പ്പര്യം കാണിക്കാതെ,ഇതൊക്കെ മോശമല്ലെ,എന്ന ഭാവവും ഫിറ്റ് ചെയ്ത്,എനിക്കായിട്ട് വേണ്ട പിന്നെ നിനക്ക് വേണങ്കില്‍ ആയിക്കൊ എന്ന മട്ടില്‍ നിന്നു.

എന്റെ അതേ കണ്‍ഫ്യുഷനില്‍ നിന്നിരുന്ന സുഹൃത്ത് പിന്നൊന്നും ആലോചിക്കാതെ പൈസ എടുത്തു കൊടുത്തു.

അങ്ങിനെ കയ്യില്‍ ഓരോ സീലും അടിച്ച് തന്ന് ഞങ്ങളെ ഉള്ളിലേക്ക് കയറ്റി വിട്ടു.ഉള്ളില്‍ കയറിയ ഞങ്ങളെ മെഴുകുതിരി കത്തിച്ചു വെച്ച ഒരു മേശക്കു ചുറ്റുമായി ഇരുത്തി.ഇരുന്ന ഉടന്‍ സുഹൃത്ത് ഒന്നിന് പോയി.

അവിടെ ഇരിപ്പുറപ്പിച്ചതും ഞാനെന്റെ സ്ഥിരം സ്വഭാവമായ ചുറ്റുവട്ട നിരീക്ഷണം തുടങ്ങി.കാണുന്നവര്‍ക്ക് വായ്നോട്ടം പോലെ തൊന്നുമെങ്കിലും സത്യത്തില്‍ അതല്ല എന്ന് എനിക്കു മാത്രമെ അറിയു.

അങ്ങിനെ വായ്നോട്ടം..സോറി,നിരീക്ഷണം പുരോഗമിച്ചു വരുന്നതിനിടയില്‍ ബെയറര്‍ ഓര്‍ഡര്‍ എടുക്കാന്‍ എത്തി.എന്റെ ഇഷ്ട്ട ഭക്ഷണമായ പുട്ടും ബീഫ് വരട്ടിയതും അവിടെ കിട്ടില്ല എന്ന് ഉത്തമ ബോദ്ധ്യമുള്ളതിനാല്‍ എന്നോട് ചോദിക്കാതിരിക്കാനായി ഞാന്‍ വീണ്ടും എന്റെ ആയുധമായ മൊബൈല്‍ ഫോണ്‍ എടുത്ത് മെസ്സേജ് ചെയ്യാന്‍ ആരംഭിച്ചു.

“സര്‍, ഓര്‍ഡര്‍ പ്ലീസ്സ്...”

ഭാഗ്യത്തിന് അപ്പോഴേക്കും സുഹൃത്ത് തിരിച്ചെത്തി അദ്ദേഹത്തിന് ചൂടനും എനിക്ക് ഒരു തണുപ്പനും ഡ്രിങ്ക്സ് പറഞ്ഞു.

കുടിക്കാന്‍ കൊണ്ടുവന്നതോടൊപ്പം കുറെ ഗ്രില്ല് ചെയ്ത തീറ്റസാധനങ്ങളും കൊണ്ടു വച്ചു.ഇതൊന്നും ഓര്‍ഡര്‍ ചെയ്തതല്ലല്ലൊ എന്നു വേവലാതിയോടെ ഞാന്‍ ചോദിച്ചപ്പൊള്‍ ഇതൊക്കെ കഴിക്കാനിരിക്കുന്ന ബുഫ്ഫെയുടെ കൂടെയുള്ളതാണെന്നും പറഞ്ഞു.

ഇതിനെ “സ്റ്റാര്‍ട്ടര്‍“ എന്നാണത്രെ ഇവിടങ്ങളില്‍ പറയുക.

കൊള്ളാം സ്റ്റാര്‍ട്ടര്‍ ഇങ്ങിനെയാണെങ്കില്‍ ഇനി വരാന്‍ പോകുന്ന “എന്‍ഡര്‍” എങ്ങിനെയായിരിക്കും എന്ന് മനസ്സിലാലോചിച്ച് അമ്പരന്നിരുന്നു ഞാന്‍.

അങ്ങിനെ ലോകത്തുള്ള സകലമാന കാര്യങ്ങളും സംസാരിച്ച് ഞങ്ങള്‍ മെയിന്‍ കോഴ്സ്സിലേക്ക് കയറി.

ഒരു പ്ലേറ്റില്‍ കുത്തിനെറക്കാവുന്നത്ര നെറച്ച്,മറ്റുള്ളവരുടെ “ആദ്യമായിട്ടാണല്ലെ ബുഫ്ഫെ” “ആര്‍ യു ഫ്രം സോമാലിയ?”എന്നീ അര്‍ത്ഥങ്ങള്‍ വരുന്ന നോട്ടത്തെയും അതിജീവിച്ച് ഞാന്‍ എന്റെ സീറ്റില്‍ മടങ്ങിയെത്തി സാവധാനം തീറ്റയാരംഭിച്ചു.

വീട്ടില്‍ പണ്ടേ കത്തിയും മുള്ളും ഉപയോഗിച്ച് കഴിച്ച് ശീലിച്ചിരുന്നതിനാല്‍,രണ്ട് വട്ടം കത്തി തെറിച്ച് നിലത്തു വീണതൊഴിച്ചാല്‍ വേറെ കുഴപ്പം ഒന്നും ഉണ്ടായില്ല.

അപ്പോഴേക്കും ഡിസ്കൊ ദുപ്പ തുടങ്ങും എന്ന അനൌണ്‍സ്സ്മെന്റ് മുഴങ്ങി.സമയം വാച്ചില്‍ കൃത്യം പതിനൊന്നര.ഒരുവിധം വാരിവലിച്ചകത്താക്കി.മധുരം ഒന്നും കഴിക്കാന്‍ സാധിച്ചില്ല എന്ന വിഷമം മാത്രം ബാക്കി.പക്ഷെ വരാന്‍ പോകുന്ന മധുരത്തെ കുറിച്ചാലോചിക്കുമ്പോള്‍...

ഡാന്‍സ് ഫ്ലോറിന്റെ മൂലയില്‍ ഒരു മനുഷ്യന്‍ കഴുത്തിലൂടെ ഹെഡ്ഡ് ഫോണ്‍ ഇട്ട് ഇരുട്ടത്ത് കൂളിങ്ങ് ഗ്ലാസ്സൊക്കെ വെച്ച് ഇരിക്കുന്നു.അതാരാണെന്ന് ചോദിക്കാന്‍ തലതിരിച്ചതും,അതു “ഡിസ്ക്കൊ ജോക്കി”ആണെന്ന് സന്ദീപ് പറഞ്ഞു.അപ്പോഴും കഴുത്തില്‍ ഹെഡ്ഡ് ഫോണ്‍ ഫിറ്റ് ചെയ്തിരിക്കുന്നത് എന്തിനാണെന്ന് മാത്രം സുഹൃത്ത് പറഞ്ഞില്ല!ഇനിയിപ്പൊ ഡിസ്ക്കൊ ജോക്കിക്ക് ചെവി കഴുത്തിലായിരിക്കുമൊ?

പെട്ടെന്ന് കാതടിപ്പിക്കുന്ന സംഗീതവും,ഫ്ലാഷ് ലൈറ്റുകള്‍ മിന്നിമറയാനും ആരംഭിച്ചു.ഞാന്‍ കണ്ണടക്കാതെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.പെട്ടെന്ന് എന്റെ തൊട്ടപ്പറത്തുണ്ടായിരുന്ന ടേബിളിലെ ഒരമ്മായി വെളിപാട് കിട്ടിയെന്ന പോലെ ചാടിയിറങ്ങി ഡാന്‍സ് തുടങ്ങി.

അങ്ങിനെ സാവധാനം ഓരൊരുത്തരായി ഫ്ലോറിലിറങ്ങി ഡാന്‍സ് ആരംഭിച്ചു.ഏതാണ്ട് നമ്മുടെ നാട്ടില്‍ കാണുന്ന വെളിച്ചപ്പാടുതുള്ളല്‍ പോലെ!

ഇടക്കിടെ മിന്നുന്ന ലൈറ്റ് കൊണ്ടു വേണം ആളെ തിരിച്ചറിയാന്‍!സാരമില്ല ശരിക്കും ഡാന്‍സ് തുടങ്ങുമ്പോള്‍ മുഴുവന്‍ ലൈറ്റും കത്തിക്കുമായിരിക്കും.

ഏറെ കഴിഞ്ഞിട്ടും മാറ്റമൊന്നും കാണാതായപ്പോള്‍ ഞാന്‍ പതുക്കെ സുഹൃത്തിന്റെ ചെവിയില്‍ ചോദിച്ചു,

“എവിടെ ഡാന്‍സ് ചെയ്യുന്ന പെണ്ണുങ്ങള്‍?“

“പെണ്ണുങ്ങളോ?”

“ഹാ..ഡിസ്കൊ ചെയ്യുന്ന പെണ്ണുങ്ങള്‍?”

“ഏയ്..അങ്ങനെ പ്രത്യേകിച്ച് ഡാന്‍സ് ചെയ്യാനായി മാത്രം ആള്‍ക്കാരില്ല,കണ്ടില്ലെ നമ്മളൊക്കെ തന്നെയാ ഡാന്‍സ് ചെയ്യുന്നത്!” “എന്താ ഒന്നു നോക്കണോ”?

എന്റെ മുഖഭാവം കണ്ടിട്ടായിരിക്കും പുള്ളി തലതിരിച്ചിരുന്നു.ഇവിടെ,ഇങ്ങനെ ഡാന്‍സ് ചെയ്യുന്നതിലും ഭേദം കൊടുങ്ങല്ലുര്‍ ഭരണിക്ക് പോകുന്നതല്ലെ എന്ന് ഞാനും മനസ്സിലോര്‍ത്തു.

ഏറെ താമസിയാതെ പണ്ടാരൊ പറഞ്ഞ്ഞ പോലെ,“ആരോ“ ചന്തക്കു പോയ പോലെ ഞങ്ങളും പുറത്തേക്കിറങ്ങി. പുറത്ത് വാതുക്കല്‍ ഒരു കരുമാടികൂട്ടം തന്നെ നില്‍പ്പുണ്ട്.

അതിലൊരു കരുമാടികുട്ടന്‍ എന്നെ നോക്കിയൊന്ന് ചിരിച്ചില്ലെ? അതോ എനിക്ക് തോന്നിയതൊ....

2 അഭിപ്രായങ്ങൾ: