2010, ജനുവരി 12, ചൊവ്വാഴ്ച

ഉത്തരം വേണ്ടാത്ത ചില ചോദ്യങ്ങള്‍

ഇത്രമാത്രം മലിനപ്പെട്ടതും ദുര്‍ഘടം പിടിച്ച പാതകള്‍ ഉള്ളതുമായ നമ്മുടെ നാടിനെ വിദേശികള്‍ എന്തുകൊണ്ട് "ദൈവത്തിന്റെ സ്വന്തം നാട്" എന്നു വിളിക്കുന്നു? അതോ നമ്മള്‍ അവരെ കൊണ്ട് വിളിപ്പിക്കുന്നതോ?



ഓരോ വീട്ടിലേയും അവശിഷ്ഠങ്ങള്‍ സ്വന്തം വീട്ടു വളപ്പിലിട്ടു കത്തിച്ചു കളയാതെ എന്തു കൊണ്ട് രാത്രി അന്യന്റെ ഒഴിഞ്ഞു കിടക്കുന്ന വളപ്പിലേക്ക് തള്ളുന്നത്? പരസ്യമായി അവന്റെ മുഖത്തേക്ക് തുപ്പുന്നതിന് തുല്യമല്ലെ അത്?



"ഇവിടെ തുപ്പരുത്" "ഇവിടെ മൂത്രം ഒഴിക്കരുത്" എന്നൊക്കെയുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇപ്പൊള്‍ നമ്മുടെ നാട്ടില്‍ മുക്കിലും മൂലയിലും വരെ കാണാം. എവിടെ തുപ്പരുത് എവിടെ മൂത്രം ഒഴിക്കരുത് എന്നൊക്കെ മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി വരെ നമ്മുക്ക് നഷ്ട്ടപെട്ടൊ? എവിടെ പോയി നമ്മുടെ ആ സദാചാരമൂല്യങ്ങള്‍?



വിലകയറ്റത്തിനെതിരെ ബന്ദ് (ക്ഷമിക്കണം, ഹര്‍ത്താലിനു പകരം ബന്ദ് എന്നു ഉപയോഗിച്ചതിന് ഇനി ഹര്‍ത്താല്‍ നടത്തേണ്ട്!) നടത്തി വില കുറഞ്ഞിരുന്ന സാധനങ്ങള്‍ക്ക് വരെ വില കൂട്ടുന്ന "കര്‍മ്മ പരിപാടി" ലോകത്തു വെറെ എവിടെ കാണാന്‍ സാധിക്കും? എന്തു കൊണ്ടാണ് ഇക്കൂട്ടര്‍ ഞായറാഴ്ച്ചകളില്‍ ഹര്‍ത്താല്‍ നടത്താത്തത്?



മദ്യം കഴിച്ചാല്‍, ലക്ക് കെട്ട് മറ്റുള്ളവര്‍ക്ക് ശല്യമാകണം എന്ന് നിര്‍ബന്ധബുദ്ധി ഉള്ളവരായി തീരുകയാണൊ നമ്മള്‍?



റോഡ് മുറിച്ച് കടക്കാന്‍ നില്‍ക്കുന്ന കുട്ടികളേയും പ്രായമായവരേയും കണ്ടില്ല എന്നു നടിച്ച് വാഹനം പായിച്ച് വിടാന്‍ മാത്രം മനക്കരുത്ത് ഉള്ളവരായി എന്തുകോണ്ട് നമ്മള്‍ മാറി? അക്കൂട്ടത്തില്‍ നിങ്ങള്‍ എന്തു കൊണ്ട് കാണുന്നില്ല നിങ്ങളുടെ അമ്മയെയും ഭാര്യയെയും മക്കളേയും??



തിരക്കുള്ള ബസ്സില്‍ പ്രായമായവര്‍ക്കൊ, കുട്ടികളെ എടുത്ത സ്ത്രീകള്‍ക്കൊ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കാതെ എന്തുകൊണ്ട് നമ്മള്‍ പുറത്തേക്ക് നോക്കി അറിയാത്ത മട്ടില്‍ ഇരിക്കുന്നു?

ഭിക്ഷക്കായി എത്തുന്നവരെ ആട്ടിയോടിക്കുമ്പോഴും നിങ്ങള്‍ ഓര്‍ക്കുന്നില്ലെ അവര്‍ക്കും നിങ്ങളെ പോലെ ഒരു കുടുംബം ഉണ്ടെന്ന്?

ഒരപകടം കാണുമ്പോള്‍ തന്നെ ബാധിക്കാത്ത പോലെ ‍എന്തു കൊണ്ട് നിങ്ങള്‍ വഴിമാറി പോകുന്നു?അതില്‍ അകപ്പെട്ടത് ചിലപ്പൊള്‍ നിങ്ങളുടെ സഹോദരനായികൂട എന്നുണ്ടോ?



ഇത്രയൊക്കെയായിട്ടും പ്രവാസികളായ നമ്മള്‍ എന്തു കണ്ടു കൊണ്ടാണ് നമ്മുടെ നാടിനെ കുറിച്ച് ഘോരഘോരം പുകഴ്ത്തി പറയുന്നത്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ