2010, ജനുവരി 27, ബുധനാഴ്‌ച

പാത്തുമ്മാക്കൊരു വാലുണ്ടാര്‍ന്ന്....

അന്നും സാധാരണ പോലെ ഒരു തിരക്കു പിടിച്ച ദിവസമായിരുന്നു പാത്തുമ്മാക്ക്. ഒരു ബന്ധുവിന്റെ വീട്ടില് കല്യാണത്തിന് പോകേണ്ടതുണ്ടായിരുന്നതിനാല്, രാവിലെ തന്നെ എണീറ്റ് എല്ലാ ഒരുക്കങ്ങളും ഒരു വിധം കഴിച്ചു പാത്തുമ്മ. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ് കുളിച്ചിട്ടില്ല എന്ന കാര്യം ഓര്മ്മ വന്നത്! ഒരുവിധത്തില് "കാക്ക കുളി" (ഞങ്ങളുടെ നാട്ടില് പെട്ടെന്ന് കുളിച്ച് തീര്ക്കുന്നതിനെ "കാക്ക കുളി" എന്നാണ് പറയുക. കാക്ക കുളിക്കുന്നത് കണ്ടിരിക്കുമെന്നു കരുതുന്നു)
 
പ്രായം അറുപത്തിരണ്ട് കഴിഞ്ഞെങ്കിലും, എല്ലാം പെട്ടെന്ന് തീര്ത്ത് ഒരു വിധത്തില് തിരക്കുള്ള ഒരു ബസ്സില് വലിഞ്ഞു കയറിയ പാത്തുമ്മ തന്റെ ദേഹം ഒരു കമ്പിയില് ചാരി നിര്ത്തി നിലയിറപ്പിച്ചു. അല്പ്പ സമയം കഴിഞ്ഞ് കാണും, തന്റെ പിന്നില് നിന്നും അടക്കിപ്പിടിച്ച ചിരിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ പാത്തുമ്മാക്കു ഒരു പറ്റം സ്കൂള് കുട്ടികള് തന്നെ നോക്കി ചിരിക്കുന്നതാണ് കണ്ടത്. ഒന്നും മനസ്സിലാവാതെ, തന്നെ തന്നെ ഒരു വട്ടം ഉഴിഞ്ഞു നോക്കിയ പാത്തുമ്മാക്കു ചിരിക്കു കാരണമായി ഒന്നും തന്നെ കണ്ടു പിടിക്കാന് സാധിച്ചില്ല. ആ ചിരി മറ്റുള്ളവരിലേക്കും പടര്ന്നു എന്നു മനസ്സിലായ പാത്തുമ്മ ഉടുത്തിരുന്ന സാരിയൊന്നു വലിച്ച് നേരെയിട്ടു. കൂടെ തട്ടം ഇട്ടത് ശരിയായിട്ടുണ്ടോ എന്നും നോക്കാന് മറന്നില്ല. ഇതിനിടയിലാണ് ഒരു കുട്ടി ചിരിച്ചുകൊണ്ട് തന്നെ നോക്കി പറയുന്നത് പാത്തുമ്മ ഒരശരീരി പോലെ കേട്ടത്. "ഒരു ഗദ കൂടി കയ്യില് ഉണ്ടായിരിന്നെങ്കില് നന്നായേനെ" എന്ന്. ഇതും കൂടി കേട്ടതും പാത്തുമ്മ ഉറപ്പിച്ചു, തന്നെ കുറിച്ച് തന്നെ എന്ന്. തൊട്ട് പിന്നില് നിന്ന കുട്ടിയെ തോണ്ടി തല കൊണ്ട് ഒരു കൊസ്റ്റിന് മാര്ക്ക് ഇട്ടു കൊടുത്തു പാത്തുമ്മ! അവള് ചിരിച്ചു കൊണ്ട് "വാല്" വാല് "എന്നു മാത്രം പറഞ്ഞു. ഒന്നും മനസ്സിലാവാതെ പകച്ചു നിന്ന പാത്തുമ്മാനോട്" ചേച്ചീടെ പിന്നിലൊരു വാല് കാണുന്നു "എന്നു വ്യക്തമാക്കി കൊടുത്തു ആ കുട്ടി. പെട്ടെന്നു പിന്നില് തപ്പി നോക്കിയ പാത്തുമ്മാക്ക് വാലു പോലെ എന്തോ ഒന്നു കയ്യില് തടയുകയും ചെയ്തു! പതുക്കെ പതുക്കെ വലിച്ചു നോക്കിയപ്പോള് .... ദാ കയ്യിലിരിക്കുന്നു ഒരു നരച്ച നനഞ്ഞ തോര്ത്ത്! നേരത്തെ തിരക്കു മൂത്ത പാത്തുമ്മ "കാക്ക കുളി" കഴിഞ്ഞതും, ഈറനുടുത്ത തോര്ത്ത് മാറ്റാതെയായിരുന്നു ഡ്രെസ്സ് മാറ്റിയതും ബസ്സ് സ്റ്റോപ്പിലേക്കു ഓടിയതും ബസ്സില് വലിഞ്ഞു കയറിയതും! നമ്മുടെ പാവം തോര്ത്ത്, ഈ സമ്മര്ദ്ധം ഒട്ടും താങ്ങാനാവതെ പതുക്കെ അഴിഞ്ഞു താഴേക്കു വാലു പൊലെ തൂങ്ങി കിടക്കുവാന് തീരുമാനിക്കുകയായിരുന്നു. ഈ വാലാണ് കുട്ടികള് കണ്ടതും കളിയാക്കി ചിരിച്ചതും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ