2010, ഏപ്രിൽ 18, ഞായറാഴ്‌ച

നൊമ്പരപ്പെടുത്തുന്ന ഒരു വാര്‍ത്ത

ഇന്നത്തെ മാതൃഭൂമിയില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടാണ് താഴെ കുറിച്ചിരിക്കുന്നത്.

“ആരും തിരിഞ്ഞുനോക്കാതെ ആറുമണിക്കൂര്‍ കുഴഞ്ഞുവീണയാള്‍ വഴിയരികില്‍ക്കിടന്ന് മരിച്ചു“

മലപ്പുറത്തു നടന്ന ഈ സംഭവത്തിന്റെ സത്യാവസ്ഥയിലേക്ക് കടക്കുന്നില്ല.പലര്‍ക്കും ഇതൊരു സാധാരണ വാര്‍ത്തയുമായിരിക്കാം. “സാധാരണ വാര്‍ത്ത”എന്നുദ്ദേശിക്കുന്നത്, ഇതിന്മുമ്പ് ഒരുപാട് പ്രാവശ്യം സമാന വാര്‍ത്തകള്‍ കേട്ടതൊ കണ്ടതൊ ആകാം.പക്ഷെ മനസ്സില്‍ അല്‍പ്പമെങ്കിലും ദയ ബാക്കി വെച്ചിട്ടുള്ളവര്‍ക്ക് ഇത് വെറുമൊരു സാധാരണ സംഭവമായി കാണാന്‍ സാധിക്കില്ല എന്നുറപ്പാണ്.

നമ്മുടെ നാട് എത്ര ഭയാനകമായൊരു അവസ്ഥയിലേക്കാണ് കൂപ്പുകുത്തികൊണ്ടിരിക്കുന്നത് എന്ന് ഇതില്‍പ്പരം എന്തു തെളിവാണ് ആവശ്യം? ഇതില്‍ കൂടുതല്‍ എന്ത് അപചയമാണ് നമ്മുക്ക് സംഭവിക്കാനുള്ളത്?
മനുഷ്യന്റെ മനസ്സില്‍നിന്നും ദയ, കരുണ എന്നീ വികാരങ്ങളെല്ലാം ചോര്‍ന്നൊലിച്ചു പോയ്കൊണ്ടിരിക്കുന്നു.നമ്മുക്ക് ഉപകാരമില്ലാത്ത ഒരു കാര്യങ്ങളില്‍ ഇടപെടില്ല എന്ന ചിന്താരീതി ദിവസ്സം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

വഴിയരികില്‍ പരിക്കേറ്റ്കിടക്കുന്നത് ഒരു മദ്യപനോ തെമ്മാടിയൊ മൃഗമോ എന്തുമായിക്കൊള്ളട്ടെ,ആ ഒരു വിലപ്പെട്ട ജീവന്‍ രക്ഷിക്കാനുള്ള കടമ ഒരു മനുഷ്യജീവി എന്ന നിലയില്‍ നമ്മളില്‍ ഓരൊരുത്തര്‍ക്കും ഇല്ലെ?
ചിലപ്പോള്‍ നമ്മളെ പോലെ തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടയില്‍ കാലിടറി വീണുപോയതാണെങ്കിലൊ?പരിക്കേറ്റ് കണ്മുമ്പില്‍ കിടക്കുന്ന ഒരു ജീവനെ രക്ഷിക്കാന്‍ ശ്രമിക്കാത്തത് ഒരുതരത്തില്‍ ചിന്തിച്ചാല്‍ അതും ഒരു കൊലപാതകം തന്നെയല്ലെ?

അതല്ല, മൊബൈലില്‍ ഷൂട്ട് ചെയ്ത് മറ്റുള്ളവരെ കാണിച്ച് ആത്മസംതൃപ്തി അടയുന്നതാണൊ നമ്മുടെ സംസ്കാരം? അതോ ബസ്സ് പിടിക്കാനുള്ള തിരക്കിനിടയില്‍ ഇത്തരം “വയ്യാവേലികള്‍ക്കൊന്നും“ നമ്മുക്കിടയില്‍ സ്ഥാനമില്ല എന്ന് ചിന്തിച്ച് മനപ്പൂര്‍വം കണ്ടില്ല എന്ന് നടിക്കുന്നതോ?

പക്ഷെ ഒരു കാര്യം നാം ഓരോരുത്തരും ഓര്‍ക്കുന്നത് നന്ന്, ആ വീണുകിടക്കുന്നവരില്‍ നമ്മുടെ മക്കളുടെയൊ, സഹോദരങ്ങളുടെയൊ,അച്ച്ചനമ്മമാരുടെയൊ മുഖം ഉണ്ടാകില്ല എന്ന് എന്താണുറപ്പ്??? ഇനി ഉണ്ടെങ്കില്‍ തന്നെ,
അപ്പോഴും ചില സങ്കുചിത മനസ്സുള്ളവര്‍ മൊബൈലും കയ്യില്‍ പിടിച്ച് ഷൂട്ട് ചെയ്യുന്നുണ്ടാകും. അപ്പോഴും ചിലര്‍ ബസ്സിനു വേണ്ടി തിരക്കിട്ട് ഓടുന്നുണ്ടാകും! ജാഗ്രതൈ!

കുറിപ്പ്: കാടടച്ചു വെടിവെച്ചു എന്നു തോന്നരുത്.ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെ ക്രിയാത്മകമായി ഇടപെടുന്ന അപൂര്‍വം ചിലരെയെങ്കിലും മറന്നുകൊണ്ടുമല്ലയിത്.വാര്‍ത്ത വായിച്ചപ്പോള്‍ കുറച്ചധികം ദയ മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ട് ...ഒരു നൊമ്പരം.

1 അഭിപ്രായം: