2010, ഏപ്രിൽ 28, ബുധനാഴ്‌ച

എന്റെ പേഴ്സ്സ്

അങ്ങനെ ഇന്നലെയും എന്നത്തേയും പോലെ എനിക്കൊരു സാധാരണ ദിവസ്സമായേനെ...അതു സംഭവിച്ചില്ലായിരുന്നെങ്കില്‍!

സാധാരണ പോലെ തന്നെ കിളികള്‍ ചിലച്ചു,പടിഞ്ഞാറുനിന്നും കാറ്റ് വീശിയടിച്ചു,ഇതൊക്കെ കൊണ്ടാകാം എന്റെ പേഴ്സ്സും കളഞ്ഞു പോയി!

കുടുംബസമേതം വൈകീട്ടുള്ള പതിവ് നടത്തത്തിനായി ഇറങ്ങിയതായിരുന്നു.നടത്തം എന്നു പറഞ്ഞുകൂട,ഇഴച്ചില്‍ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.

ഇഴച്ചിലിന്റെ തിരക്കിനിടയില്‍ പോക്കറ്റില്‍ നിന്നും വീണുപോയത് അറിഞ്ഞുകാണില്ല.ആദ്യം കുറച്ചു നേരം പകച്ചു നിന്നെങ്കിലും പിന്നെ സാധാരണ ഇമ്മാതിരി കാര്യങ്ങള്‍ സംഭവിച്ചാല്‍ കാണാറുള്ള പോലെ തപ്പലായി,ചികയലായി,മുമ്പില്‍ കാണുന്നവരെല്ലാം എന്റെ പേഴ്സ്സ് എടുത്തവരാണൊ എന്ന സംശയമായി...അങ്ങനെ അങ്ങനെ.ദിര്‍ഹമായി ഏതാണ്ട് അഞ്ഞൂറ് കാണും.(ഏറെ കാലത്തിന് ശേഷമാണ് എന്റെ പേഴ്സ്സ് ഇത്ര പുഷ്ഠിച്ചു കാണുന്നത്!)

വെറുതെ കിട്ടുന്നതെന്തും വാങ്ങി വെക്കുന്ന ശീലം പണ്ടെയുള്ളതുകൊണ്ട് ഒരു ഡസ്സന്‍ ക്രെഡിറ്റ് കാര്‍ഡും ഉണ്ടായിരുന്നു. പിന്നെ അന്നദാതാവായ എ.ടി.എം കാര്‍ഡും കൂടെ ഒരു രസത്തിന് ഐഡന്റിറ്റി കാര്‍ഡും,ഡ്രൈവിങ്ങ് ലൈസ്സന്‍സ്സും.
പിന്നെ വളരെ കഷ്ട്ടപ്പെട്ട് എടുത്തതും ഒരുപകാരം ഇല്ലാത്തതുമായ എമിറേറ്റ്സ് ഐഡികാര്‍ഡ്!

എന്റെ പേഴ്സ്സ് കിട്ടിയ ആളില്‍നിന്നും വീണ്ടുമത് കളഞ്ഞു പോകാതെ തിരികെ കിട്ടില്ല എന്നുറപ്പായ സ്ഥിതിക്ക് പിന്നെയുള്ളത് കാര്‍ഡുകളെല്ലാം കാന്‍സല്‍ ചെയ്യുക എന്ന ഒരൊറ്റ വഴിയാണ്. അങ്ങനെ ഏകദേശം അരമണിക്കൂറെടുത്ത് ഒന്നൊന്നായി കാന്‍സല്‍ ചെയ്ത് അവസാന കാര്‍ഡും തീര്‍ത്ത് അണ്ടി കളഞ്ഞ അണ്ണാനെപോലെ,ഒരു നെടുവീര്‍പ്പും ഇട്ടിരിക്കുമ്പോള്‍ അതാ വരുന്നു ഒരു ഫോണ്‍കാള്‍,

“നിങ്ങളുടെ പേരെന്താണ്?”

പേരു പറഞ്ഞു.

“നിങ്ങളുടെ വല്ലതും നഷ്ട്ടപ്പെട്ടിട്ടുണ്ടോ??”

“ഉണ്ട്”

“ഏന്താണ്?”

“പേഴ്സ്സ്”

അതൊരു പത്തനംതിട്ടക്കാരന്‍ വര്‍ഗീസ്സ്ചേട്ടനായിരുന്നു.വര്‍ഗീസ്സ് ചേട്ടന്‍ നടക്കാന്‍ പോയപ്പോള്‍
വഴിയുടെ ഓരം ചേര്‍ന്ന് കിടക്കുകയായിരുന്നത്രെ എന്റെ പേഴ്സ്സ്!
നടക്കാന്‍ പോകുമ്പോള്‍ മൊബൈല്‍ എടുക്കാത്തതു കൊണ്ട് അദ്ദേഹം ഒരരമണിക്കൂര്‍ അവകാശിയേയും കാത്ത് അവിടെ തന്നെ കാത്തു നിന്നു.ആരെയും കാണാതായപ്പോള്‍
അദ്ദേഹം വീട്ടില്‍ പോയി പേഴ്സ്സിലുണ്ടായിരുന്ന എന്റെ ബിസ്സിനസ്സ് കാര്‍ഡില്‍ നിന്നും ഫൊണ്‍ നമ്പര്‍ എടുത്തു വിളിക്കുകയായിരുന്നു.
സാധരണ ഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍, കിട്ടുന്നവര്‍ കിട്ടാനുള്ളത് എടുത്തിട്ട് ബാക്കിയുള്ളത് എവിടെയെങ്കിലും വലിച്ചെറിഞ്ഞ് കളയുകയാണ് പതിവ്.

അദ്ദേഹത്തിന്റെ സന്മനസ്സിന് ഒരു നൂറായിരം നന്ദി.

എല്ലാം കഴിഞ്ഞപ്പോള്‍,വല്ലാതെ മൂത്രമൊഴിക്കാന്‍ മുട്ടിയിട്ട് മൂത്രമൊഴിച്ചുകഴിയുമ്പോള് അനുഭവിക്കുന്ന “ഒരിതില്ലെ“?? ആ.. അതുതന്നെ!!!

*************

പെഴ്സ്സ് തിരയുന്ന തിരക്കിനിടക്ക് “വിഷമിക്കേണ്ട പുതിയ പേഴ്സ്സ് വാങ്ങിതരാട്ടാ“ എന്ന ഒരു ഓഫ്ഫറും എനിക്ക് കിട്ടി. അഞ്ച് വയസ്സുകാരന്‍ മകനില്‍ നിന്നായിരുന്നു അത്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ